സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് ഹാജരാക്കിയോ...?

Tuesday, October 5, 2010


വി ഡി സതീശന്‍....
2006-2007 നടന്ന കേസുകളില്‍ ഈ സിബി മാത്യുവിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും ആ റിപ്പോര്‍ട്ട് ഏതെങ്കിലും കോടതിയില്‍ ആ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ടോ? കോടതിവിധി ഞാന്‍ പറയാം. കോടതിവിധിയില്‍ എന്താ പറയുന്നത്- ഇവര്‍ അവിടെ അറിയിച്ചു. എന്താ അറിയിച്ചത് ഞങ്ങള്‍ സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനെ അറിയച്ചതിന്റെ ലെറ്ററാണ് ഇവര്‍ പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന എക്സിബിറ്റ്. പരാമര്‍ശമുണ്ട്. പക്ഷേ സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അന്നു നടന്ന ഒരു കേസിലും ഹാജരാക്കിയിട്ടില്ല. സുപ്രീംകോടതിയില്‍ അത് ഞങ്ങള്‍ നിരന്തരം- മൂന്നുപ്രാവശ്യം ഞാനും മൂന്നോ നാലോ പ്രാവശ്യം ശ്രീ ജോസഫ് എം പുതുശ്ശേരിയും നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിയുടെ ഒരു ചോദ്യം ചെന്നു കഴിഞ്ഞപ്പോഴാണ് ആദ്യമായി സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. ഒത്തുകളിച്ചിട്ടുണ്ടെന്ന് എന്റെ ആരോപണം. 
............
തോമസ് ഐസക് 
അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ചുളള റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്നുളള കളളം ആവര്‍ത്തിച്ച് ഉറപ്പിക്കാനുളള ശ്രമത്തിലാണ് യുഡിഎഫ്. വിചിത്രമായ ഒരു ആരോപണമാണിത്. കാരണം, അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഈ സര്‍ക്കാര്‍ ഇതുവരെ എടുത്ത എല്ലാ നടപടികളുടെയും അടിസ്ഥാനം ഈ റിപ്പോര്‍ട്ടാണ്. ഇത് പൂഴ്ത്തിവെച്ചു എന്നാണ് ആരോപണം.
2006 ഒക്ടോബര്‍ 16നാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നത്. നവംബര്‍ 10ന് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശിവരാജ് പാട്ടീലിന് കേരളത്തിന്റെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അയച്ചുകൊടുത്തുകൊണ്ട് വിശദമായ കത്തെഴുതി (അര്‍ദ്ധ ഔദ്യോഗിക കത്ത് 15055/എച്ച് 1/06 നികുതി വകുപ്പ്).
തുടര്‍ന്ന് പ്രധാനമന്ത്രിയ്ക്കും ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇക്കാര്യം ഉമ്മന്‍ചാണ്ടിയും സമ്മതിച്ചിട്ടുണ്ട്. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം നല്‍കിയ നിവേദനത്തില്‍ ഇതാണ് പറയുന്നത്. "അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണം ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നഗ്നമായ ലംഘനം വെളിച്ചത്തു കൊണ്ടുവന്നു. ഈ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണം എന്ന അഭ്യര്‍ത്ഥനയോടു കൂടി കേന്ദ്ര സര്‍ക്കാരിന് അയച്ചു നല്‍കിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ മൂര്‍ത്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയതിനാല്‍ ഈ കൊള്ള നിര്‍വിഘ്നം തുടരുകയാണ്''.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഈ നോട്ടീസില്‍ അക്കമിട്ട് നിരത്തിക്കൊണ്ട് അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ 27-10-2006ന് നോട്ടീസ് നല്‍കി. ഈ നോട്ടീസാണ് സിക്കിം, ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പുകാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. പൂഴ്ത്തിവെച്ചു എന്ന് ആരോപിക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
"അന്യസംസ്ഥാനങ്ങള്‍ നടത്തുന്ന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരാളം പരാതികള്‍ ലഭിച്ചു. അതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി. സിക്കിം സംസ്ഥാന ലോട്ടറികളുടെ ധാരാളം ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പ് നഗ്നമായി ലംഘിച്ചാണ് ലോട്ടറികള്‍ നടത്തുന്നത് എന്ന് തെളിയിച്ച ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്്..
വിധിന്യായത്തില്‍ തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടും ഇത് കോടതിയില്‍ നിന്ന് മറച്ചുവെച്ചുവെന്ന ആരോപണം എത്ര അസംബന്ധമാണ്!

READ MORE - സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് ഹാജരാക്കിയോ...?

സാധുതയില്ലാത്ത വാദങ്ങള്‍ എന്തിന് വേണ്ടി..?


വി ഡി സതീശന്‍....
നിയമത്തില്‍ ഒരു കുഴപ്പവുമില്ല. ഞാന്‍ പറയാം. നിയമത്തിന്റെ എട്ടാം വകുപ്പിന് കേസുകളെടുക്കാനും ഇവരെ നിയന്ത്രിക്കാനും നടപടിയെടുക്കാനുമൊക്കെ അധികാരമുണ്ട്. ഉണ്ടാക്കിയിരിക്കുന്ന ചട്ടത്തിന് 3/22 അങ്ങനെ ഈ വ്യാജലോട്ടറികള്‍ സംസ്ഥാനത്ത് നടക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. വ്യാജലോട്ടറി ഏതാണെന്നു തീരുമാനിക്കണം. ഈ സ്വകാര്യപ്രസില്‍ അടിച്ചുകൊണ്ടുവരുന്നതാണോ വ്യാജലോട്ടറി. കള്ളനോട്ടടിച്ചു കൊണ്ടുവരുന്നപോലെയാണ് അടിച്ചുകൊണ്ടുവരുന്നത്.............
തോമസ് ഐസക് 
നിയമത്തിന്റെ എട്ടാം വകുപ്പില്‍ പോലീസിന് സ്വമേധയാ ജാമ്യമില്ലാത്ത കേസെടുക്കുന്നതിനെക്കുറിച്ചും ശിക്ഷയെക്കുറിച്ചും പ്രതിപാദിക്കുന്നത്. പക്ഷേ, അത് പ്രകാരം നടപടിയെടുക്കില്ല എന്നായിരുന്നു സുപ്രിംകോടതിയില്‍ യുഡിഎഫിന്റെ അണ്ടര്‍ടേക്കിംഗ്. ഇപ്പോഴത്തെ ചട്ടത്തിലാകട്ടെ, നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനുളള അധികാരമേ സര്‍ക്കാരിന് നല്‍കിയിട്ടുളളൂ.
ഹൈക്കോടതിയും സുപ്രിംകോടതിയും എത്രയോ തവണ ആവര്‍ത്തിച്ചു പറഞ്ഞ ഇക്കാര്യം ക്ഷീരബല പോലെ യുഡിഎഫ് എത്ര തിരിച്ചു പറഞ്ഞാലും നിയമപരമായ സാധുത ലഭിക്കാന്‍ പോകുന്നില്ല. നാലാം വകുപ്പ് നിബന്ധന ലംഘിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്ന് കേരളം എടുത്ത നടപടികളാണ് കോടതി റദ്ദാക്കിയത്. ഇവരില്‍ നിന്ന് നികുതി വാങ്ങാതിരുന്നതിന് പേപ്പര്‍ ലോട്ടറീസ് ആക്ടിലെ നിര്‍വചന പ്രകാരം നാലാം വകുപ്പ് നിബന്ധനയനുസരിച്ച് നടത്തുന്ന ലോട്ടറിയെയാണ് പേപ്പര്‍ ലോട്ടറി എന്ന് പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നികുതി വാങ്ങാത്തത്.
ഇതിനെതിരെയാണ് കോടതിവിധികള്‍ വന്നത്. ഇപ്പോള്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ പോലും കോടതിയുടെ നിലപാട് വളരെ വ്യക്തമാണ്. പ്രമോട്ടറുടെ നിജസ്ഥിതി സംബന്ധിച്ചുളള സംശയം മൂലമാണ് നികുതി വാങ്ങുന്നതിന് സ്റേ ലഭിച്ചിട്ടുളളത്. നാലാം വകുപ്പ് ലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാരാണ് പരിശോധനയും നടപടിയും എടുക്കേണ്ടത് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

READ MORE - സാധുതയില്ലാത്ത വാദങ്ങള്‍ എന്തിന് വേണ്ടി..?

നറുക്കെടുപ്പുകള്‍ - ബംഗാളിലും കേരളത്തിലും

വി ഡി സതീശന്‍....
2000 രൂപ പ്രൈസു കൊടുക്കുന്ന ലോട്ടറികള്‍ ബംഗാളില്‍ നടക്കുന്നുണ്ട്. 2000 രൂപയേ പ്രൈസ് മണി കൊടുക്കുകയുള്ളു. നാനൂറെണ്ണം നറുക്കു നടക്കുമ്പോള്‍ 10000 രൂപയേ പ്രൈസു കൊടുക്കൂ. മിനിമമായിട്ടൊരു തുക വെച്ചിരിക്കുന്നത് രണ്ടായിരമാണ്. പക്ഷേ മാക്സിമം ക്ളിപ്തപ്പെടുത്തിയിട്ടുണ്ട്. എന്താണ് എന്നറിയാമോ? എത്ര വേണമെങ്കിലുമാവാം. പക്ഷേ സ്റ്റേറ്റ് ലോട്ടറിയും അതേ ടാക്സ് മേടിക്കണമെന്നു മാത്രം. ഇപ്പോള്‍ കേരളത്തില്‍ വേണമെങ്കില്‍ ഇവര്‍ക്ക് ഒരോര്‍ഡിനന്‍സ് കൊണ്ടുവന്ന് എത്ര രൂപയാണ് കൂട്ടിയിരിക്കുന്നത്. ഞങ്ങളതിനെ സ്വാഗതം ചെയ്തു. ഇവര്‍ക്ക് വേണമെങ്കില്‍ 50 ലക്ഷം രൂപ ടാക്സ് മേടിക്കാം. പക്ഷേ ഒറ്റ കണ്ടീഷന്‍. ഈ കേരള ഭാഗ്യക്കുറിക്കുകൂടി 50ലക്ഷം രൂപ ടാക്സടിക്കണം. പക്ഷേ ഈ ചട്ടം അതിനെതിരല്ല........
തോമസ് ഐസക് 
ഏറ്റവും കുറഞ്ഞത് 2000 രൂപ നികുതി വാങ്ങണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ എന്നത് സംബന്ധിച്ച് തര്‍ക്കമില്ല. പക്ഷേ, കോടതികളില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നകാര്യം മനസിലാക്കണം. നറുക്കുകള്‍ക്ക് മേലുളള നികുതി കേരളത്തില്‍ രണ്ടര ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തി. ഇതുപോലെ അക്കാലത്ത് കര്‍ണാടക നികുതി ഉയര്‍ത്തി. രണ്ടിടത്തും ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. കര്‍ണാടക ഹൈക്കോടതി നികുതി വര്‍ദ്ധന റദ്ദാക്കി. തുക അതിരുകവിഞ്ഞതാണെന്നതായിരുന്നു അവരുടെ അഭിപ്രായം. കേരള ഹൈക്കോടതി വര്‍ദ്ധന ശരിവെച്ചു. ഇതിനെതിരെയുളള അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏഴ് ലക്ഷം രൂപ അതിരുകവിഞ്ഞതാണ് എന്നത് സംബന്ധിച്ച വാദം നടക്കുമ്പോള്‍ മിനിമം നികുതി 2000 ആക്കി പ്രഖ്യാപിക്കുന്നതിലെ ഔചിത്യം എന്ത്? ഇതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

READ MORE - നറുക്കെടുപ്പുകള്‍ - ബംഗാളിലും കേരളത്തിലും

വി ഡി സതീശന്റെ കൈയിലെ "രേഖകള്‍"


വി ഡി സതീശന്‍....

ആ ഡോക്യുമെന്‍സ് ലഭിക്കാന്‍ വേണ്ടി ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് പല ആളുകള്‍ സഹായിച്ചിട്ടുണ്ട്. അതില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥന്മാരുണ്ട്, അതുപോലെ സര്‍ക്കാര്‍ സര്‍വീസിലുള്ള ആളുകളുണ്ട്, പ്രമുഖരായ സിപിഎം നേതാക്കന്‍മാരുണ്ട്. ഒരുപാട് ആളുകളുടെ കയ്യില്‍ നിന്ന് ബന്ധപ്പെട്ട രേഖകള്‍ കിട്ടിയിട്ടുണ്ട്. ഒരു രേഖയും ഞാന്‍ കൌണ്ടര്‍ ചെക്ക് ചെയ്യാതെ കണ്‍ഫേം ചെയ്യാതെ പറഞ്ഞിട്ടില്ല. ഞാന്‍ സഭയില്‍ ഹാജരാക്കിയതോ പുറത്തു ഹാജരാക്കിയതോ ആയ ഒരു രേഖയുടെയും ജനുവിന്‍നെസ്സ് ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയോ എതിരേ സംസാരിച്ച ഏതെങ്കിലും ഒരു നേതാവോ അതിനെ വെല്ലുവിളിച്ചിട്ടില്ല. പരിശോധിച്ച് രണ്ടും മൂന്നും പ്രാവശ്യം കൌണ്ടര്‍ ചെയ്തിട്ടുണ്ട്. എപ്പോഴും നമുക്കു കിട്ടുന്ന സോഴ്സുകള്‍ ഒരുപാട് ആളുകള് നമുക്ക് തരും. ഒരുപാട് അഭിഭാഷകര്‍ തന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ഒരുപാട് അഭിഭാഷകരുണ്ട്.......
തോമസ് ഐസക് 
ഈ വിവാദത്തില്‍ രണ്ടേ രണ്ട് പുതിയ രേഖകളാണ് പ്രതിപക്ഷം ഇതുവരെ ഹാജരാക്കിയത്. ബാക്കിയെല്ലാം വാചകമടിയാണ്. ഒന്നാമത്തേത്, സിക്കിം ലോട്ടറി വകുപ്പിന്റെ കത്താണ്. ഇടുക്കി എംപി പിടി തോമസ് സിക്കിമിലെ എംപി വഴിയാണ് ഇത് സംഘടിപ്പിച്ചത്.
സിക്കിം സര്‍ക്കാരിന്റെ പ്രമോട്ടറായി ഫ്യൂച്ചര്‍ ഗെയിംസ് സൊല്യൂഷന്‍സ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയെന്നാണ് ഈ കത്തില്‍ പറയുന്നത്. ഇവരില്‍ നിന്നല്ല, മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നാണ് കേരളത്തില്‍ നികുതി സ്വീകരിക്കുന്നത് എന്ന് ആരോപിച്ചാണ് വിവാദം ഉണ്ടാക്കിയത്.
എന്നാല്‍ ഫ്യൂച്ചര്‍ ഗെയിമിംഗ് ഇന്ത്യയൊട്ടാകെയുളള ഡിസ്ട്രിബ്യൂട്ടര്‍ ആണെന്നും മേഘ കേരളത്തിലെ അംഗീകൃത ഏജന്‍സിയാണെന്നും സിക്കിം സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. മേഘയാണ് തങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന് ഭൂട്ടാനും അറിയിച്ചു. ഇന്നിപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറുടെ നിജസ്ഥിതി സംബന്ധിച്ചുളളതാണ്. ഇതാകട്ടെ, പ്രതിപക്ഷം ഉന്നയിച്ചിട്ടുളളതേയല്ല.
സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് ലഭ്യമായ ചില രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സ്വമേധയാ ഉന്നയിച്ചിട്ടുളളതാണ്. രണ്ടാമത്തെ രേഖയും പി ടി തോമസിന്റെ പൊടിക്കൈ തന്നെയായിരുന്നു. ലോകസഭയില്‍ അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു. "വ്യാജലോട്ടറിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോ?''
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരം ലഭിക്കേണ്ടിയിരുന്നത് ലോട്ടറി നടത്തുന്ന ഏതെങ്കിലും അംഗീകൃത പ്രമോട്ടര്‍മാര്‍ക്കെതിരെ ലോട്ടറി നിയമലംഘനത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്നാണ്.
ഈ ചോദ്യത്തിന് ഇല്ലാ എന്നായിരിക്കും ഖണ്ഡിതമായ ഉത്തരം. എന്നാല്‍ ഇവിടെ ചോദ്യം വ്യാജലോട്ടറിയെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരല്ലാത്തവര്‍ നടത്തുന്നതാണ് വ്യാജലോട്ടറികള്‍. നിശ്ചയമായും അത്തരം നടപടികള്‍ നടത്തുന്നവരുടെ പേരില്‍ ചൂതാട്ട നിയമമനുസരിച്ച് നടപടി സ്വീകരിക്കണം. വേണമെങ്കില്‍ മൂന്നാമതൊന്നുകൂടി പറയാം. അത് ഭൂട്ടാന്‍ ലോട്ടറിയുടെ പുതിയ രണ്ട് നറുക്കെടുപ്പുകള്‍ക്കുളള നികുതി സമയം വൈകി വാങ്ങിയതാണ്. അനധികൃതമായി മാര്‍ട്ടിനെ സഹായിച്ചതിന് പിന്നില്‍ 25 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു.
 നികുതി ഒടുക്കാന്‍ വൈകിയാല്‍ കാലതാമസത്തിന് പലിശയും പിഴയും വാങ്ങി മാപ്പാക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുമുണ്ട്. പിഴ വാങ്ങുന്നതില്‍ വന്ന വീഴ്ച നിയമസഭയിലോ പുറത്തോ യുഡിഎഫ് ഉന്നയിച്ചിട്ടേയില്ല. ഇവയല്ലാതെ മറ്റെന്ത് രേഖയാണ് ഹാജരാക്കിയതെന്ന് മനസിലായിട്ടേയില്ല.

READ MORE - വി ഡി സതീശന്റെ കൈയിലെ "രേഖകള്‍"

കോടതിയിലെ ഒത്തുകളി - തര്‍ക്കം 11


വി ഡി സതീശന്‍....
എന്റെ ചോദ്യം കോടതിയിലെ ഒത്തുകളിയെക്കുറിച്ചാണ്. അദ്ദേഹം പറയുന്നു മുന്‍കൂര്‍ നികുതി വാങ്ങാന്‍ പാടില്ല. കോടതി പറഞ്ഞു മേടിക്കണം. അതെല്ലാം ലോട്ടറി മാഫിയയുമായുളള ഒത്തുകളിയാണ്. ഒരുകേസ് ഞാന്‍ പറയാം. അരുണാചല്‍ പ്രദേശ്, സാന്റിയാഗോ മാര്‍ട്ടിനുമായി തെറ്റിപ്പിരിഞ്ഞ ആളുകള്‍ ഇവിടെ ലോട്ടറി നടത്താന്‍ വന്നു. ഇവര്‍ നികുതി വാങ്ങിയില്ല. അവര്‍ കോടതിയില്‍ പോയി. കോടതിയില്‍ പോയപ്പോള്‍ കോടതി പറഞ്ഞു അത് വിവേചനമാണ്. സിക്കിമിന്റെയും ഭൂട്ടാന്റെയും നികുതി വാങ്ങുമ്പോള്‍ അരുണാചല്‍ പ്രദേശിന്റെ കൈയില്‍ നിന്ന് വാങ്ങാതിരിക്കുന്നത് ശരിയല്ല. അതുകൊണ്ട് മുന്‍കൂര്‍ നികുതി വാങ്ങണം എന്ന് പറഞ്ഞു. ആ കേസിലെ വസ്തുതയെടുത്തിട്ട് മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ട്വിസ്റ് ചെയ്യുകയാണ്. രണ്ടാമത് സിക്കിം ലോട്ടറിക്കാര്‍ മനപ്പൂര്‍വം നികുതി അടയ്ക്കാന്‍ വൈകിച്ചു. നികുതി വൈകിയപ്പോള്‍ നികുതി സ്വീകരിക്കില്ല എന്ന് പറഞ്ഞു. ഉടനെ കോടതിയില്‍ പോയി. അപ്പോള്‍ കോടതി പറഞ്ഞു. വൈകിയതു കൊണ്ട് നികുതി സ്വീകരിക്കാതിരിക്കേണ്ട. പലിശ വാങ്ങി മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ പറഞ്ഞു. ......
തോമസ് ഐസക് 
കോടതിയും ലോട്ടറി മാഫിയയും തമ്മില്‍ ഒത്തുകളിക്കുകയാണ് എന്ന് പറയാത്തത് ഭാഗ്യം. ലോട്ടറി മാഫിയയ്ക്കു വേണ്ടി നിയമവ്യാഖ്യാനവും നടത്തി ചട്ടമുണ്ടാക്കിയവരാണ് പരിഹാസ്യമായ ഗീര്‍വാണങ്ങള്‍ മുഴക്കുന്നത്. എങ്ങനെ അസത്യം തറപ്പിച്ച് പറഞ്ഞ് കയ്യടി നേടാമെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ പരാമര്‍ശങ്ങള്‍.
സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് ഭൂട്ടാന്റെ നികുതി വാങ്ങി, എന്നാല്‍ അവരില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ബാലാജിയില്‍ നിന്ന് അരുണാചലിന്റെ നികുതി വാങ്ങിയില്ല. ഈ വിവേചനത്തിന് പിന്നിലും സാന്റിയാഗോ മാര്‍ട്ടിനുമായിട്ടുളള നെക്സസ് ആണെന്ന് വ്യംഗ്യം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? സാന്റിയാഗോ മാര്‍ട്ടിന്‍ സിക്കിം ലോട്ടറിയാണ് നടത്തിക്കൊണ്ടിരുന്നത്.
ഭൂട്ടാന്‍ ബാലാജിയുടേതായിരുന്നു. എന്നാല്‍ 2008ല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ഭൂട്ടാന്‍ ലോട്ടറിയുടെ ഏജന്‍സിയും കരസ്ഥമാക്കി. കേരള സര്‍ക്കാര്‍ നികുതി വാങ്ങിയില്ല. എതിരായി സിംഗിള്‍ ബഞ്ചിന്റെ വിധി വന്നു. എന്നിട്ടും നികുതി വാങ്ങിയില്ല. അവര്‍ ഡിവിഷന്‍ ബഞ്ചില്‍ പോയി. കോടതി അവരോട് നികുതി കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ നികുതി വാങ്ങിയത്. ബാലാജിയുടെ കാര്യത്തില്‍ ഇതു തന്നെയായിരുന്നു സംഭവിച്ചത്. ഹൈക്കോടതി എതിരായി വിധിച്ചു. പക്ഷേ, എന്തുകൊണ്ടോ കോടതിയില്‍ നികുതി കെട്ടിവെയ്ക്കാന്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കേരള സര്‍ക്കാര്‍ വീണ്ടും നികുതി വാങ്ങാതിരുന്നു. അവര്‍ സുപ്രിംകോടതിയില്‍ പോയി വിധി സമ്പാദിച്ചു. അവര്‍ ഇതുവരെ വീണ്ടും നികുതി അടയ്ക്കാന്‍ വന്നിട്ടില്ല.
അരുണാചല്‍ പ്രദേശ് താല്‍ക്കാലികമായി ലോട്ടറി നിര്‍ത്തിയതാണ് കാരണം.എപ്പോഴാണ് സിക്കിം സര്‍ക്കാര്‍ ലോട്ടറിയുടെ നികുതി വൈകിയതുകൊണ്ട് അത് വാങ്ങാതിരുന്നത്? കോടതിയില്‍ പോയി തോറ്റുകൊടുത്തത് എന്നത് എത്ര പരതിയിട്ടും മനസിലാകുന്നില്ല.
സമീപകാലത്തുണ്ടായ സംഭവമാണെങ്കില്‍, അത് സിക്കിമിന്റെ ലോട്ടറിയല്ല, ഭൂട്ടാന്റെ ലോട്ടറിയാണ്. സമയം വൈകിയതുകൊണ്ട് അവരില്‍ നിന്ന് പലിശ ഈടാക്കി നികുതി വാങ്ങുകയാണ് ചെയ്തത്. പിഴ വാങ്ങാതിരുന്നതിന് ഉദ്യോഗസ്ഥന്റെ മേല്‍ നടപടിയും സ്വീകരിച്ചു. പലിശ മാത്രം പോര, പിഴ കൂടി വാങ്ങണമെന്ന കാര്യം നിയമസഭയില്‍ ബഹളം വെച്ചുകൊണ്ടിരുന്ന യുഡിഎഫിന് പോലും അറിയില്ലായിരുന്നു. സര്‍ക്കാര്‍ സ്വമേധയാ സ്വീകരിച്ച നടപടിയായിരുന്നു അത്.

READ MORE - കോടതിയിലെ ഒത്തുകളി - തര്‍ക്കം 11

മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസും - തര്‍ക്കം 10


വി ഡി സതീശന്‍....
പിന്നെ മണികുമാര്‍ സുബ്ബ.... മണികുമാര്‍ സുബ്ബ കേരളത്തില്‍ യാതൊരു ലോട്ടറിയും നടത്തുന്നില്ല. സാന്റിയാഗോ മാര്‍ട്ടിനാണ് ലോട്ടറി നടത്തുന്നത്. അവര്‍ക്ക് നെക്സസ് ഉണ്ട് എന്നുളളത് തെളിഞ്ഞിട്ടുണ്ട്. ........ മണികുമാര്‍ സുബ്ബ സിബിഐ അന്വേഷിക്കുന്ന ഒരു കേസിലെ പ്രതിയാണ്. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിന്റെ വലിയ നേതാവാണെങ്കില്‍ സിബിഐ അന്വേഷിക്കേണ്ടണ്ട ആവശ്യമില്ലല്ലോ? സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നല്ലേ പറയുന്നത്. സിബിഐ അയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ...
തോമസ് ഐസക് 
മണികുമാര്‍ സുബ്ബയല്ല, സാന്റിയാഗോ മാര്‍ട്ടിനാണ് കേരളത്തില്‍ ലോട്ടറി നടത്തുന്നത് എന്നത് ശരിയാണ്. പക്ഷേ, കേരളം മാത്രമല്ലല്ലോ ലോട്ടറി മാഫിയയുടെ വിഹാരരംഗം. ഇവരെ ചെറുക്കുന്നതിന് മറ്റുമാര്‍ഗമൊന്നുമില്ലാതെ സ്വന്തം ലോട്ടറി നിര്‍ത്താന്‍ നിര്‍ബന്ധിതരായ സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലായിടത്തും ലോട്ടറി മാഫിയയുടെ കൊളള നടക്കുകയാണ്.
ഇതിലേറ്റവും വലിയ അധോലോക രാജാവ് മണികുമാര്‍ സുബ്ബയാണ്. രണ്ടുതവണ ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എ, മൂന്നു തവണ പാര്‍ലമെന്റ് അംഗം, ആസാം കോണ്‍ഗ്രസ് ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം പരിലസിച്ചിരുന്ന ദേഹം ഇപ്പോള്‍ ആള്‍മാറാട്ടം, പൌരത്വമില്ലായ്മ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെല്ലാം പ്രതിയായി ഒളിവിലാണ്.
സിബിഐ കേസന്വേഷണം നടക്കുന്ന വേളയിലാണ് സുബ്ബയെ വീണ്ടും പാര്‍ലമെന്റിലേയ്ക്ക് സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹത്തിന്റെ സുകൃതങ്ങള്‍ വെളിച്ചത്തുവന്ന് ജനങ്ങളുടെ കോടതിയില്‍ തോറ്റപ്പോഴാണ് ഇപ്പോള്‍ വമ്പു പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുളളത്. ആയിരം കോടിയിലേറെ രൂപയാണ് താന്‍ കോണ്‍ഗ്രസിന് സംഭാവനയായി നല്‍കുന്നതെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ലോട്ടറി രാജാവ് സുഭാഷ് ചന്ദ്ര മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണയുടെ ഉറ്റസുഹൃത്താണ്. സാന്റിയാഗോ മാര്‍ട്ടിനാണ് ചെന്നൈയിലെ ദേശീയ ഗെയിംസിന് പതാക ഉയര്‍ത്തിയത്. ലോട്ടറി മാഫിയയും കോണ്‍ഗ്രസും തമ്മിലുളള കൂട്ടുകെട്ടിനെ നെക്സസ് എന്ന് വിശേഷിപ്പിക്കുന്നത് തീരെ മൃദുവായ ഒരു പ്രസ്താവനയായിപ്പോകും..

READ MORE - മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസും - തര്‍ക്കം 10

നിയമവും ചട്ടവും - തര്‍ക്കം 9


വി ഡി സതീശന്‍....

ചോദ്യം കേന്ദ്രചട്ടത്തെക്കുറിച്ചാണ്.... നിയമത്തിന് എതിരായി ചട്ടമുണ്ടാക്കാനുളള അധികാരമില്ല. കേന്ദ്രനിയമത്തിന് അനുസരിച്ചാണ് ചട്ടമുണ്ടാക്കേണ്ടത്. നിയമമുണ്ടാക്കുന്നത് പാര്‍ലമെന്റും ചട്ടമുണ്ടാക്കുന്നത് ഉദ്യോഗസ്ഥരുമാണ്. ചട്ടമുണ്ടാക്കിയപ്പോള്‍ ഒരുകാര്യത്തില്‍ തെറ്റുപറ്റിയിരുന്നു. 24 നറുക്കെടുപ്പുകള്‍ എന്ന് പറഞ്ഞിട്ടുണ്ട് ഒരുദിവസം. ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ പാടുളളൂ എന്നാണ് നിയമം. അത് ഗവണ്മെന്റ് ചലഞ്ച് ചെയ്യണം എന്ന് ഞങ്ങള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നിലനില്‍ക്കില്ല എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വന്ന ചട്ടത്തിലെ പഴുതുപയോഗിച്ച് ലോട്ടറി മാഫിയയ്ക്ക് ഇഷ്ടംപോലെ നറുക്കെടുപ്പ് നടത്താന്‍ കേരളം അനുവദിച്ചു. ഇനി ഓണ്‍ലൈന്‍ ലോട്ടറി ഇതിനുളളില്‍ ഉണ്ടോന്നാണ്. നിയമത്തില്‍ ഉളളതേ ചട്ടത്തില്‍ വരാന്‍ കഴിയൂ. നിയമത്തില്‍ ഇല്ലാത്തത് ചട്ടത്തില്‍ വരാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും കേന്ദ്രനിയമത്തില്‍ ഉളള സമയത്താണ് അത് കേരളത്തില്‍ നിരോധിച്ചത്. അത് ചട്ടത്തില്‍ ഉണ്ടായതു കൊണ്ട് കേരളത്തില്‍ എന്ത് തടസമാണ് ഉണ്ടാകാന്‍ പോകുന്നത്?.
തോമസ് ഐസക് 
പന്ത്രണ്ടുവര്‍ഷം ചര്‍ച്ചകളും ആലോചനയും നടത്തി ഉണ്ടാക്കിയ ചട്ടം നിയമത്തിന് വിരുദ്ധമാണ് എന്ന് സമ്മതിച്ചത് നന്നായി. കേരള ഹൈക്കോടതി 2010 ആഗസ്റ് 30ന് അഭിപ്രായപ്പെട്ടതുപോലെ ഈ ചട്ടം നിയമത്തിന്റെ ലക്ഷ്യത്തെ തകര്‍ക്കുന്നു.
ആഴ്ചയില്‍ ഒന്നിലേറെ നറുക്കെടുപ്പ് നടത്താന്‍ അനുവദിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അതിലേറെ ഗൌരവമായ രണ്ടുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്, ഓണ്‍ലൈന്‍ ലോട്ടറിയെയും ലോട്ടറിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രനിയമത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ച് പരാമര്‍ശമില്ല. നാലാം വകുപ്പിലെ നിബന്ധനകള്‍ക്ക് വിധേയമായേ ഓണ്‍ലൈന്‍ ലോട്ടറി നടത്താനുമാവില്ല.
ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും കേന്ദ്രനിയമത്തില്‍ ഉളളസമയത്താണ് കേരളം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചത് എന്നത് ശുദ്ധകളവാണ്. ഓണ്‍ലൈന്‍ ലോട്ടറി കേരളം നിരോധിച്ചതിനെതിരെ സുപ്രിംകോടതിയില്‍ നടക്കുന്ന കേസിന് പുതിയ ചട്ടം വിനയാകും. ഓണ്‍ലൈന്‍ ലോട്ടറി ലോട്ടറിയേ അല്ല, ചൂതാട്ടമാണ് എന്ന് വ്യഖ്യാനിച്ചാണ് ചൂതാട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെ കേരളത്തില്‍ നിരോധിച്ചത്.
എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് ലോട്ടറി നിയമത്തില്‍ നിയമസാധുത നല്‍കുന്നതോടെ നമ്മുടെ നിരോധനത്തിന്റെ ഗതിയെന്താകുമെന്ന് കണ്ടറിയണം. രണ്ടാമത്തേത്, അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനുളള എല്ലാ അധികാരങ്ങളും ഈ ചട്ടങ്ങള്‍ റദ്ദാക്കുന്നു. ഇതുവരെ അഞ്ചാം വകുപ്പ് പ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് അന്യസംസ്ഥാന ലോട്ടറി നിരോധിക്കാന്‍ അവകാശമില്ലെങ്കിലും ഏഴ് മൂന്ന് വകുപ്പ് പ്രകാരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മറ്റുനടപടികള്‍ സ്വീകരിക്കാനുളള അവകാശമുണ്ട് എന്നാണ് എല്ലാരും വ്യാഖ്യാനിച്ചിരുന്നത്.
ഇപ്രകാരം എടുത്ത നടപടിയെക്കെതിരെയുളള ഹൈക്കോടതി വിധികള്‍ക്കെതിരെ സുപ്രിംകോടതിയില്‍ നാം കേസ് നടത്തുകയാണ്. അപ്പോഴാണ് അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കാനേ അവകാശമുളളൂ എന്ന് അനുശാസിക്കുന്ന ചട്ടത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഞാനീ പറയുന്ന കാര്യങ്ങള്‍ യുഡിഎഫും അംഗീകരിച്ചിട്ടുളളതാണ്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഞാനും കൂടി സംയുക്തമായി ഇവ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാരിന് ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇവയോടൊക്കെ കണ്ണടച്ച് ദുഷ്പ്രചരണം നടത്താന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നത് അത്യത്ഭുതകരമാണ്.

READ MORE - നിയമവും ചട്ടവും - തര്‍ക്കം 9