സതീശന് ഐസക്കിന്റെ മറുപടി

Tuesday, October 5, 2010


വി ഡി സതീശന്‍....

.............സംസ്ഥാന ഗവണ്മെന്റിന് അധികാരമുണ്ട്............. യുഡിഎഫിന്റെ കാലത്ത് കൈകഴുകി മാറി നില്‍ക്കുകയല്ല ചെയ്തത്. കേന്ദ്ര നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ, അന്ന് പേപ്പര്‍ ലോട്ടറിയായിരുന്നില്ല പ്രശ്നം. ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു. സംസ്ഥാനത്തെ എല്ലാ ലോട്ടറികളും ആദ്യം നിരോധിച്ചു. ഇല്ലെങ്കില്‍ ഭരണഘടനാ പ്രശ്നം ഉണ്ടാകുമായിരുന്നു. എന്നിട്ട് കേരളനിയമം, ഗെയിമിംഗ് ആക്ട് ചൂതാട്ടം പന്നിമലത്തും മുച്ചീട്ടുകളിയും സൂചിയേറും പോലുളള ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ കൊണ്ടുപോയി പെടുത്തി ഓണ്‍ലൈന്‍ ലോട്ടറിയെ കേരള ഗവ. നിരോധിച്ചു...... മുന്നൂറിലധികം റെയിഡുകള്‍ നടത്തി. 544 കേസുകള്‍ എടുത്തു. സാന്റിയാഗോ മാര്‍ട്ടിന്റെ ആസ്ഥാനം പാലക്കാട്ടെ കുന്നത്തൂര്‍മേട്ട്, ഇടുക്കിയിലെ കുമിളി, തിരുവനന്തപുരത്തെ കളിയിക്കാവിള, റെയിഡ് ചെയ്ത് 300 കോടി രൂപയുടെ ടിക്കറ്റുകള്‍ പിടിച്ചു. അവസാനം ഒരു കണ്ടെംപ്റ്റ് കേസ് വന്നു സുപ്രിംകോടതിയില്‍. നടപടികള്‍ സ്വീകരിക്കില്ല എന്ന് ഉറപ്പുകൊടുക്കേണ്ടി വന്നു. ... ലോട്ടറി മാഫിയയെ വരിഞ്ഞുമുറുക്കാനുളള തീരുമാനങ്ങള്‍ യുഡിഎഫ് എടുത്തു. ...

തോമസ് ഐസക് 
ശ്രീ. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലോട്ടറി മാഫിയയ്ക്കെതിരെ ചില നടപടികള്‍ സ്വീകരിച്ചു എന്നത് ശരിയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലമായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു: കേസുകള്‍ പിന്‍വലിച്ചു.
ചട്ടം 24 വേണ്ടെന്നുവെച്ചു. ലോട്ടറി ഡയറക്ടറെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു. കേസ് വാദിച്ച വക്കീലിനെയും മാറ്റി. കഥയിങ്ങനെ: നടപടികള്‍ക്കെതിരെ അന്യസംസ്ഥാന ലോട്ടറിക്കാര്‍ സുപ്രിംകോടതി വരെ പോയി. നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് പിന്നെയും ഏതാനും കേസുകള്‍ കൂടി രജിസ്റര്‍ ചെയ്തു. കോടതിയലക്ഷ്യമായി.
എന്തായിരുന്നു കോടതിയില്‍ നല്‍കിയ ഉറപ്പ്? സ്റേയ്ക്ക് ശേഷം എടുത്ത കേസുകള്‍ മാപ്പാക്കണമെന്നോ ഭാവിയില്‍ ഇനി കേസുകള്‍ എടുക്കില്ല എന്നോ ആയിരുന്നില്ല. എടുത്ത കേസുകളിലൊന്നും തുടര്‍നടപടി സ്വീകരിക്കില്ലെന്നും കൂടി ഉറപ്പ് നല്‍കി. ഇത് കോടതി ആവശ്യപ്പെട്ടിരുന്നില്ല. ഞാന്‍ ഈ ഫയല്‍ സശ്രദ്ധം പഠിച്ചിട്ടും ആര്, എങ്ങനെ ഈ തീരുമാനമെടുത്തു എന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല.
ഏഴു കേസെടുത്ത് 544 കേസുകള്‍ ഇല്ലാതാക്കിയ കഥയാണ് ഇത്. ഇതിന്റെ ഗുണഭോക്താക്കള്‍ അന്യസംസ്ഥാന ലോട്ടറിക്കാരാണെന്നതില്‍ സംശയം വേണ്ടല്ലോ. ഇതിലൊരാള്‍ തെക്കന്‍കേരളത്തിന്റെ സ്മാര്‍ട്ട്വിന്‍ ഫ്രാഞ്ചൈസി ഉണ്ടായിരുന്ന മന്ത്രിപുത്രനായിരുന്നു.
26-1-2005ല്‍ കേരളാഭാഗ്യക്കുറിയടക്കം എല്ലാ ലോട്ടറിയും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. സുപ്രീംകോടതിയില്‍ നല്‍കിയ വിചിത്രമായ ഉറപ്പിനെക്കുറിച്ചുളള ചര്‍ച്ചയും വിമര്‍ശനവും ഇതോടെ അപ്രത്യക്ഷമായി. പകരം, കേരള ഭാഗ്യക്കുറി നിര്‍ത്തലാക്കിയതും നിരാലംബരായി തീര്‍ന്ന ഒരുലക്ഷത്തോളം ലോട്ടറി വില്‍പനക്കാരുമായി നാട്ടിലെമ്പാടും ചര്‍ച്ചാവിഷയം.
സാമൂഹ്യവിപത്തായി മാറിയ ഓണ്‍ലൈന്‍ ലോട്ടറി ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കേരള ഭാഗ്യക്കുറി കൂടി നിരോധിച്ചതെന്നാണ് യുഡിഎഫ് വാദിക്കുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം, അതിനകം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചുകൊണ്ട് 13-1-2005ല്‍ ഉത്തരവിറങ്ങിയിരുന്നു. ഈ ഉത്തരവിന് ഇതുവരെ ഒരുകോടതിയും സ്റേ നല്‍കിയിട്ടുമില്ല. പുതിയ ലോട്ടറിനികുതി നിയമനിര്‍മ്മാണം നടത്തി കേരള ഭാഗ്യക്കുറി പുനരാരംഭിച്ചു. അതോടൊപ്പം അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളും രംഗപ്രവേശം ചെയ്തു.
ഇത് തടയുന്നതിന് യുഡിഎഫിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം, സ്വന്തം ലോട്ടറി വേണ്ടെന്ന് വെയ്ക്കാതെ മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി നിരോധിക്കാനാവില്ല. കോടതിയില്‍ കൊടുത്ത ഉറപ്പുമൂലം മറ്റു നിയന്ത്രണ നടപടികളും അസാധ്യമായി. ഇങ്ങനെയാണ് യുഡിഎഫ് അന്യസംസ്ഥാന ലോട്ടറികളെ 'വരിഞ്ഞു മുറുക്കിയത്'.







വി ഡി സതീശന്‍....


കേന്ദ്രഗവണ്മെന്റിന് ഇത് നിരോധിക്കാനുളള അധികാരമുണ്ട് എന്ന വാദത്തോട് യോജിച്ചുകൊണ്ടു തന്നെ അതിനെ നിയന്ത്രിക്കാന്‍, അതിനെ വരിഞ്ഞുമുറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.
തോമസ് ഐസക് 
കേന്ദ്രലോട്ടറി നിയന്ത്രണ നിയമത്തിന്റെ ലംഘനത്തിനെതിരെ നടപടിയെടുക്കാനുളള അവകാശം ആര്‍ക്ക് എന്നത് തര്‍ക്കിച്ച് പരിഹരിക്കേണ്ട പ്രശ്നമല്ല. കോടതികള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിയമവ്യാഖ്യാനം നല്‍കിയിട്ടുണ്ട്.
സുപ്രിംകോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധി (2010 മാര്‍ച്ച് 11) ഇപ്രകാരമാണ്: "ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിച്ചുകൊണ്ട് നടക്കുന്ന ലോട്ടറികളുടെ മേല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുളള പരാതികള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്''.
കേരള ഹൈക്കോടതിയുടെ ഏറ്റവും പുതിയ വിധിയും (2010 ആഗസ്റ് 30) ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. "കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുളള കാര്യമാണ്. നിയമലംഘനം കൈകാര്യം ചെയ്യുന്നതിനും ലോട്ടറികള്‍ നിരോധിക്കുന്നതിനുമുളള അധികാരം സമ്പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ലോട്ടറികളില്‍ നിന്ന് നികുതി പിരിക്കുന്നതിനുളള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരപരിധിയിലേയ്ക്ക് കടന്നു കയറാന്‍ അവകാശമില്ല''.
യുഡിഎഫ് പാസാക്കിയ ലോട്ടറി നികുതി നിയമപ്രകാരം മുഖ്യമായും രണ്ടുകാര്യങ്ങള്‍ പരിശോധിക്കാനേ നികുതി ഉദ്യോഗസ്ഥര്‍ക്ക് അവകാശമുള്ളൂ. ഒന്ന്, അംഗീകൃത പ്രമോട്ടര്‍ അല്ലാത്ത ഒരാളുടെ നികുതി വാങ്ങാതിരിക്കാം. അയാള്‍ കേരളത്തില്‍ ലോട്ടറി വിറ്റാല്‍ വ്യാജലോട്ടറി വിറ്റതിന് പൊലീസിന് കേസെടുക്കാം. രണ്ട്, ലോട്ടറി നികുതി മുന്‍കൂറായി ഒടുക്കണം. ഇതിന് ചില ചിട്ടകള്‍ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഉദാഹരണത്തിന് തലേമാസം ഒന്നാം തീയതി നികുതി ഒടുക്കണമെന്ന് നിര്‍ദേശമുണ്ട്. അത് ചെയ്തില്ലെങ്കില്‍ പിഴയും പലിശയും ഈടാക്കാം. ലോട്ടറിയുടെ സമ്മാനത്തുകയും സ്കീമിന്റെ വിശദാംശങ്ങളും പ്രമോട്ടര്‍ നല്‍കിയില്ലെങ്കില്‍ നികുതി വാങ്ങാതിരിക്കാം. അത്രതന്നെ.










വി ഡി സതീശന്‍....

.....യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് പുതിയ ലോട്ടറി നികുതി നിയമം. ഇവിടെ ബഹു. മന്ത്രി തന്നെ, അന്നത്തെ ഈ നികുതി നിയമത്തിന്റെ കാര്യത്തില്‍ ഡിസെന്റ് നോട്ട് കൊടുത്തുകൊണ്ട് പറഞ്ഞു,.പ്രമോട്ടറെ നിയന്ത്രിക്കാനുളള അവകാശം വേണം.
തോമസ് ഐസക് 
ശരിയാണ്. ഇപ്പോഴത്തെ ലോട്ടറി നിയമ നിര്‍മ്മാണ ചര്‍ച്ചാവേളയില്‍ പ്രമോട്ടറെ നിയന്ത്രിക്കാനുളള അവകാശം വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ലോട്ടറി ഡയറക്ടറേറ്റിന്റെ എന്‍ഫോഴ്സ്മെന്റ് അധികാരം നിലനിര്‍ത്തണമെന്നും വാദിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല.
അന്നത്തെ ധനമന്ത്രി നിയമസഭയില്‍ എനിക്ക് നല്‍കിയ ഉത്തരം ഇതാണ്: "ലോട്ടറി ഡയറക്ടര്‍ക്ക് നികുതിയുമായി യാതൊരു ബന്ധവുമില്ല. അത് ബഹുമാനപ്പെട്ട മെമ്പര്‍ക്ക് ഇത്രയും കാലമായിട്ടും പ്ളാനിംഗ് ബോര്‍ഡില്‍ ഇരുന്നിട്ടും അറിയാന്‍ വയ്യേ?''.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുളള കോടതിവിധികളും പ്രമോട്ടറെ നിയന്ത്രിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ അവകാശത്തിന് അംഗീകാരിക്കുന്നില്ല. കേന്ദ്രനിയമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വ്യാഖ്യാനവും ഇതുതന്നെയാണ്. പിന്നെയെന്തിനാണ് ചട്ടത്തില്‍ മാറ്റങ്ങളും നിയമത്തില്‍ ഓര്‍ഡിനന്‍സ് മുഖേനെ ഭേദഗതികളും കൊണ്ടുവരുന്നത് എന്ന് ചോദിക്കുകയുണ്ടായി.
അന്യസംസ്ഥാനലോട്ടറികളുടെ നിയമലംഘനങ്ങളെ തടയുന്നതിന് എന്തൊക്കെ പഴുതുകളുണ്ടോ അവയൊക്കെ ഉപയോഗപ്പെടുത്തുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അങ്ങനെയാണ് നികുതിയൊടുക്കുമ്പോള്‍ നാലാം വകുപ്പ് ലംഘനം നടത്തുന്നില്ല എന്ന് സത്യവാങ്മൂലവും വിശദമായ സ്റേറ്റ്മെന്റും നല്‍കണമെന്ന് നിര്‍ബന്ധമാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തന്നെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ചട്ടത്തില്‍ നിഷ്കര്‍ഷിച്ചിട്ടുളളത്. ഇവയുടെ നിയമസാധുത കോടതി നിശ്ചയിക്കട്ടെ.





വി ഡി സതീശന്‍....


ഹൈക്കോടതിയില്‍ ഇപ്പോള്‍ ഉളള വാദം തന്നെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ആധികാരികതയെക്കുറിച്ചാണ്. അപ്പോള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആധികാരികമായ രേഖകളില്ലാതെ മുന്‍കൂര്‍നികുതി വാങ്ങിക്കൊണ്ടിരിക്കുന്നു. അത് ലോട്ടറി നികുതി നിയമത്തിന്റെ ലംഘനവും സെക്ഷന്‍ 4 നിയമലംഘനം നടത്തിയാല്‍ ഒരുകാരണവശാലും നിയമലംഘനം നടത്തിയാല്‍ മുന്‍കൂര്‍ നികുതി വാങ്ങാന്‍ പാടില്ല എന്ന നിയമത്തിനും എതിരായി ലോട്ടറി മാഫിയയ്ക്ക് കോടിക്കണക്കിന് രൂപ കേരളത്തില്‍ നിന്ന് കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയായിരുന്നു ധനകാര്യമന്ത്രിയുടെ കീഴിലുളള ലോട്ടറി വകുപ്പ്. അസംബ്ളിയില്‍ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയും ഭൂട്ടാന്‍ സര്‍ക്കാരിന്റെയും ആധികാരികതയെക്കുറിച്ചുളള അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചത്. 27ന് നിയമസഭയില്‍ ഈ ആരോപണം ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ കളളക്കച്ചവടം നടത്തിക്കൊണ്ടു പോകുമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല..
തോമസ് ഐസക് 
പ്രമോട്ടറെ ഉറപ്പുവരുത്താനുളള അധികാരം കേന്ദ്രചട്ടം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പ്രമോട്ടറുടെ നിജസ്ഥിതി സംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉയര്‍ന്ന വേളയില്‍ അതന്വേഷിക്കാമെന്നാണ് മറുപടി പറഞ്ഞത്.
ഇതുവരെ നാലുവര്‍ഷക്കാലം നിജസ്ഥിതി ഉറപ്പുവരുത്താതെയാണോ നികുതി വാങ്ങിയിരുന്നത് എന്നതിന് മറുപടി പറയേണ്ടത് യുഡിഎഫാണ്. കാരണം മേഘയ്ക്ക് രജിസ്ട്രേഷന്‍ നല്‍കിയത് അവരുടെ ഭരണകാലത്താണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി.
ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അവരില്‍ നിന്ന് നികുതി വാങ്ങിയത്. ഈ വിധിയ്ക്കെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പിന്റെ കരാര്‍ 2008ല്‍ മേഘയ്ക്ക് ലഭിച്ചു. നികുതി അടയ്ക്കാന്‍ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ പ്രമോട്ടറെക്കുറിച്ചുളള സംശയം ഉന്നയിച്ച് ഞങ്ങള്‍ നികുതി നിരസിച്ചു.
ഇവിടെയും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നികുതി സ്വീകരിക്കേണ്ടി വന്നത്. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് എല്ലാ തെളിവുകളും ഉണ്ടായിട്ടും യാതൊരു നടപടിയും പന്ത്രണ്ടുവര്‍ഷമായി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരാണ് അവരുടെ കൊളളയ്ക്ക് കൂട്ടുനില്‍ക്കുന്നത്.










വി ഡി സതീശന്‍....

കേന്ദ്രം എന്തു ചെയ്തുവെന്നാണ് ചോദ്യം. 2004 ലും 2005ലും കത്തുകള്‍ കൊടുത്തപ്പോള്‍ സംസ്ഥാനങ്ങളുടെ യോഗം പ്രത്യേകമായി ചേര്‍ന്നു. അതിന്ശേഷം റൂള്‍ ഫോം ചെയ്യുന്നതിന് വേണ്ടിയുളള സ്റഡി ഗ്രൂപ്പുകള്‍ ഫോം ചെയ്തു. ഈ റൂള്‍സാണ് ഇതിനെ നിരോധിക്കാനുളള ചട്ടം രൂപീകരിക്കുന്നതിന് വേണ്ടിയിട്ടുളള നടപടിക്രമങ്ങള്‍ എടുത്തത്. സംസ്ഥാനത്തെ ടാക്സസ് സെക്രട്ടറി ഉള്‍പ്പെടെയുളള ആളുകള്‍ അതില്‍ അംഗങ്ങളാണ്. ഒരുപാട് അഭിപ്രായങ്ങള്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണിച്ചു. അവസാനം റൂള്‍സ് ഫ്രെയിം ചെയ്തു. അതിലാണ് നടപടിയെടുക്കാനുളള പ്രൊസീജിയര്‍ ഫോര്‍മാറ്റ് ഉണ്ടാക്കിയത്. ആ പ്രോസീജിയര്‍ ഫോര്‍മാലിറ്റി ഇനിഷ്യേറ്റ് ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആ സംസ്ഥാന സര്‍ക്കാര്‍ നിയമലംഘനമുണ്ടെങ്കില്‍ അതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. അത് ഓര്‍ഗനൈസിംഗ് സ്റേറ്റിന് കൊടുക്കണം. നിയമലംഘനത്തെക്കുറിച്ച് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ വെറുതേ കൊടുത്താല്‍ പോര. ഡീറ്റെയില്‍സ് ഓഫ് വയലേഷന്‍ ആന്റ് ഇറെഗുലാരിറ്റീസ് എന്നാ പറയുന്നത്. വിശദാംശങ്ങള്‍ കൊടുക്കണം. ഇവര് രണ്ടു പാരഗ്രാഫുളള കത്താണ് കേന്ദ്രസര്‍ക്കാരിന് സ്ഥിരമായി അയച്ചുകൊണ്ടിരുന്നത്. സുപ്രിംകോടതി 2009 നവംബര്‍ 4ല്‍ തന്ന ഇടക്കാല ഉത്തരവുകള്‍ അനുസരിച്ച് റെയിഡുകള്‍ നടത്തി കേസെടുത്ത് ആരോപണങ്ങളെ സബ്സ്റാന്‍ഷ്യെറ്റ് ചെയ്യാന്‍ വേണ്ടിയുളള തെളിവുകള്‍ കൂടി അവിടേയ്ക്ക് കൊടുക്കണം എന്ന് റൂള്‍ 3യില്‍ കൃത്യമായി പറഞ്ഞിരിക്കുന്നു. മാത്രമല്ല, നിയമത്തിന്റെ സെക്ഷന്‍ 6, റൂള്‍ 5ഉം ഇന്‍വോക് ചെയ്യുന്നതിന് ലോട്ടറി പ്രൊഹിബിറ്റ് ചെയ്യണമെന്നുളള റെക്കമെന്റേഷന്‍ കൂടി കൊടുക്കണം. അങ്ങനെ വിശദമായ ഒരു കത്ത് ഈ റൂള്‍ ഫ്രെയിം ചെയ്തതിന് ശേഷം ഈ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അയച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തോമസ് ഐസക് 
1998ല്‍ നിയമം പാസാക്കിയിട്ട് 2010വരെ ചട്ടം നിര്‍മ്മിക്കാതിരുന്നതിന് എന്താണ് ന്യായം? ചട്ടമുണ്ടെങ്കിലേ നടപടി സ്വീകരിക്കാന്‍ പറ്റൂ എന്ന വാദം യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിനെതിരെയുളള കുറ്റാരോപണമാണ്.
പന്ത്രണ്ടു വര്‍ഷം ചട്ടം രൂപീകരിക്കാതെ ലോട്ടറി മാഫിയയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു കേന്ദ്രം. ചട്ടമില്ലെങ്കിലും നടപടി സ്വീകരിക്കാമെന്നതിന് തെളിവാണല്ലോ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് പറയുന്ന നടപടികള്‍. യഥാര്‍ത്ഥത്തില്‍ നിയമപരമായ അവ്യക്തതയോ നിയതമായ നടപടിക്രമങ്ങളുടെ ആവശ്യകതയോ ഇല്ലെങ്കില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നടപടി സ്വീകരിക്കാവുന്നതാണ്.
പല സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചത് അപ്രകാരമാണ്. സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിശദാംശങ്ങളോടു കൂടിയ ആക്ഷേപമല്ല നല്‍കിയത് എന്ന വിമര്‍ശനം യുഡിഎഫ് സര്‍ക്കാരിനും ബാധകമാണോ?
2004ല്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടിനെ വെല്‍ ഡോക്യുമെന്റഡ് റിപ്പോര്‍ട്ട് എന്നല്ലേ ഉമ്മന്‍ചാണ്ടി തന്നെ വിശേഷിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിശദമായ വിജിലന്‍സ് റിപ്പോര്‍ട്ട് തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതൊന്നും പോരെങ്കില്‍ ലോട്ടറി മാഫിയയുടെ നിയമലംഘനങ്ങളെക്കുറിച്ച് അരഡസനോളം സി ആന്റ് ഏജി റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ട്. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം കൂടി നല്‍കിയ സംയുക്ത നിവേദനങ്ങളുണ്ട്.
ഇവയുടെ അടിസ്ഥാനത്തില്‍ കേന്ദ്രനിയമം ആറാം വകുപ്പ് പ്രകാരം സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് എന്താണ് തടസം? പുതിയ ചട്ടം രൂപീകരിച്ചതിന് ശേഷം ഇതിന് മുമ്പ് നല്‍കിയിട്ടുളള തെളിവുകള്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാരിന് കത്തുകള്‍ അയച്ചിട്ടുണ്ട്. 2004 മുതല്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമാഹരിച്ചിട്ടുളള തെളിവുകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് വീണ്ടും വിശദമായ രേഖ ഏറ്റവും അവസാനം 18-9-2010ല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രം എന്തുനടപടി സ്വീകരിക്കുന്നുവെന്ന് നോക്കാം. ഏതായാലും കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ട ആക്ഷേപത്തിന് പ്രത്യേക ഫോര്‍മാറ്റ് വേണമെന്നൊന്നും ചട്ടത്തില്‍ പറയുന്നില്ല. എത്ര ബാലിശമായിട്ടാണ് രാജ്യത്തെ ആകെ ബാധിക്കുന്ന വിപത്തിനെക്കുറിച്ച് പ്രതിപാദിക്കുന്നതെന്ന് നോക്കൂ.









വി ഡി സതീശന്‍....

ഇവിടെ 25-6-2010ല്‍ ചട്ടം ലംഘിക്കുന്ന 8 സിക്കിം ലോട്ടറികളെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സിക്കിം സര്‍ക്കാര്‍ നിരോധിച്ചു. ജൂലൈ 5 മുതല്‍ ഈ ലോട്ടറി ടിക്കറ്റുകള്‍ നിരോധിക്കപ്പെട്ടതാണെന്ന് സിക്കിം സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സിക്കിം നിരോധിച്ച ലോട്ടറി 52 നറുക്കെടുപ്പ് നടത്തി 1300 കോടി രൂപ കൊളളയടിച്ച് കൊണ്ടുപോകുന്നത് കേരളത്തിലെ വില്‍പന നികുതി വകുപ്പ് നോക്കി നിന്നു..
തോമസ് ഐസക് 
ആഭ്യന്തരമന്ത്രാലയം സിക്കിം സര്‍ക്കാരിന് ഏതെങ്കിലും ലോട്ടറികള്‍ നിരോധിക്കുന്നതിനുളള ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. മാത്രമല്ല നിരോധിച്ച ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കുന്നു എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നതേയില്ല.
എന്നാല്‍ ഡിസ്ട്രിബ്യൂട്ടറായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന് സിക്കിം സര്‍ക്കാര്‍ അയച്ച ഒരുകത്തിന്റെ കോപ്പി കേരളസര്‍ക്കാരിന് ലഭ്യമായി. അതില്‍ കേരളത്തില്‍ വില്‍ക്കുന്ന രണ്ട് സീരീസ് നിര്‍ത്തലാക്കുന്നു എന്ന പ്രസ്താവന ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട തീയതി കഴിഞ്ഞിട്ടും അവ കേരളത്തില്‍ വിറ്റുവന്നിരുന്നു. ഈ ടിക്കറ്റുകള്‍ വ്യാജമാണെന്നും വ്യാജലോട്ടറി വിറ്റതിന് ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഞാനാണ് പ്രസ്താവിച്ചത്.
എന്റെ പത്രസമ്മേളനം കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍ സിക്കിം സര്‍ക്കാരിന്റെ ഫാക്സ് വന്നു. നിര്‍ത്തലാക്കി എന്നു പറഞ്ഞ സ്കീമുകള്‍ തുടരുന്നതിന് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് മുന്‍കാലതീയതിയില്‍ അയച്ച കത്തിന്റെ കോപ്പിയായിരുന്നു അത്. അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികള്‍ക്ക് സാധുതയില്ലാതായി. നിലവിലുളള കേന്ദ്രനിയമപ്രകാരം ലോട്ടറി നടത്തുന്ന അന്യസംസ്ഥാനം നല്‍കുന്ന പ്രസ്താവനയുടെ നിജസ്ഥിതി പരിശോധിച്ച് നടപടിയെടുക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല.
ആക്ഷേപമുണ്ടെങ്കില്‍ കേന്ദ്രത്തെ അറിയിക്കുകയേ നിര്‍വാഹമുളളൂ. ഇത് ഞങ്ങള്‍ ചെയ്തിട്ടുമുണ്ട്. സിക്കിം ചീഫ് സെക്രട്ടറി തന്നെ കേരളത്തിലെ ചീഫ് സെക്രട്ടറിയ്ക്ക് വിവാദസീരീസുകള്‍ നിര്‍ത്തലാക്കിയിട്ടില്ല എന്ന് വിശദീകരിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്തു.









വി ഡി സതീശന്‍....

സിബി മാത്യുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുളള ഒരു ക്രിമിനല്‍ നെക്സസ് വളര്‍ന്നുവന്നു. അതാണ് ദേശാഭിമാനിയുടെ രണ്ടുകോടിയുടെ വിവാദം. ആദ്യം പറഞ്ഞു ലോണാണെന്ന്, പിന്നെ ഷെയറാണെന്ന് പിന്നെ ബോണ്ടാണെന്ന് പറഞ്ഞു. അന്നൊന്നും ധനമന്ത്രി പ്രതികരിച്ചില്ല. ഇപ്പോള്‍ പറയുന്നു ലക്ഷ്മണരേഖ കടന്നു എന്ന്.
തോമസ് ഐസക് 
ദേശാഭിമാനിയുടെ വികസനത്തിന് പണം സ്വരൂപിക്കുന്നതിന് പരസ്യക്കാരില്‍ നിന്ന് അഡ്വാന്‍സായി പണം സ്വരൂപിക്കുന്ന ഒരു സ്കീമിന് രൂപം നല്‍കിയിരുന്നു. സമീപകാലം വരെ കേരളത്തിലെ എല്ലാ മാധ്യമങ്ങളുടെയും ഒരു പ്രമുഖ പരസ്യദാതാവായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി പരസ്യത്തിനുളള അഡ്വാന്‍സ് ഡെപ്പോസിറ്റായി രണ്ടുകോടി രൂപ വാങ്ങി.
മറ്റുപലരില്‍ നിന്നും ഇത്ര വലിയ തുകയല്ലെങ്കിലും ഡെപ്പോസിറ്റ് സ്വീകരിച്ചിട്ടുണ്ട്. ലോട്ടറി വിവാദത്തിന് അഴിമതിയുടെ പരിവേഷം നല്‍കുകന്നതിന് ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.അന്യസംസ്ഥാന ലോട്ടറികളുടെ പരസ്യം സ്വീകരിക്കാത്ത ഒരു പത്രവും ചാനലും കേരളത്തിലില്ല. ഇത് തെറ്റെന്ന് പറയാനാവില്ല. പരസ്യവരുമാനമില്ലാതെ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുളള ലോട്ടറിയുടെ പരസ്യം, അതിന്റെ നടത്തിപ്പ് സംബന്ധിച്ച് എന്തുതന്നെ വിമര്‍ശനം ഉണ്ടായിരുന്നാലും, സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ലോട്ടറി നടത്തിപ്പുകാരുടെ കളങ്കസ്വഭാവമറിയാവുന്ന പശ്ചാത്തലത്തില്‍ പരസ്യം വാങ്ങുന്നതിനപ്പുറം അവരുമായി മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ശരിയല്ല.
ഇത് പാര്‍ട്ടിയെക്കുറിച്ച് ദുഷ്പ്രചാരണം നടത്തുന്നതിന് ഇടയാക്കും. ജനങ്ങളില്‍ അവമതി സൃഷ്ടിക്കും. പാര്‍ട്ടി തന്നെ ഇക്കാര്യം സ്വയംവിമര്‍ശനപരമായി അംഗീകരിച്ചിട്ടുണ്ട്. ഗൌരവമായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി ഇതുസംബന്ധിച്ച് നടത്തിയ വിമര്‍ശനം എത്ര ശരിയായിരുന്നുവെന്ന് ലോട്ടറി വിവാദത്തിന്റെ അനുഭവം തെളിയിക്കുന്നു.









വി ഡി സതീശന്‍....

എന്റെ പ്രധാന ചോദ്യം നറുക്കെടുപ്പ് ജഡ്ജിംഗ് കമ്മിറ്റിയുടെ മുമ്പാകെ പകല്‍വെളിച്ചത്തില്‍ എവിടെയാണ് നടക്കുന്നതെന്ന് അറിയണം. പക്ഷേ, ഈ ലോട്ടറികള്‍ എവിടെയാണ് നടക്കുന്നതെന്ന് സംസ്ഥാനത്തെ ധനകാര്യമന്ത്രിയ്ക്ക് പോലും അറിയില്ല. വില്‍പന നികുതി വകുപ്പിലെയോ ലോട്ടറി വകുപ്പിലെയോ പോലീസിലെ ഉദ്യോഗസ്ഥനോ അറിയില്ല. അറിയാത്ത ലോട്ടറിയുടെ നറുക്കെടുപ്പ് ലൈവ് ടെലികാസ്റ് കൈരളി ടിവിയിലും സാന്റിയാഗോ മാര്‍ട്ടിന്റെ എസ്എസ് മ്യൂസിക് ടിവിയിലും വരുന്നു. ശരിയായ ദേശാഭിമാനി പത്രത്തിന്റെയും കൈരളി ചാനലിന്റെയും സാമ്പത്തിക സ്രോതസായി സാന്റിയാഗോ മാര്‍ട്ടിന്‍ മാറിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാമോ?
തോമസ് ഐസക് 
കൈരളി പരസ്യത്തിന്റെ പേരിലുളള വിമര്‍ശനം ഒരു ഇരട്ടത്താപ്പാണ്. കൈരളിയ്ക്ക് ലഭിച്ചതിനെക്കാള്‍ പലമടങ്ങ് പരസ്യയിനത്തില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടുളള ചില മാധ്യമങ്ങളാണ് ഈ ദുഷ്പ്രചാരണത്തിന് മുന്നില്‍. ലോട്ടറിയുടെ പ്രചരണ-പരസ്യമാകാം. ഫലപ്രഖ്യാപനം നല്‍കാം. ഇതിലൊന്നും അധാര്‍മ്മികതയില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ആധാരമായ നറുക്കെടുപ്പ് കാണിച്ചാല്‍ അത് അധാര്‍മ്മികമായി.പിന്നെ നറുക്കെടുപ്പ് സംബന്ധിച്ച്. ഗാങ്ടോക്കില്‍ വെച്ചാണ് നറുക്കെടുപ്പ് എന്നാണ് സിക്കിം സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, പലകാരണങ്ങള്‍ കൊണ്ട് ഇത് മുഖവിലയ്ക്കെടുക്കാന്‍ കേരളം തയ്യാറല്ല. എന്നാല്‍ ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരുനടപടിയും സ്വീകരിക്കുന്നതിനുളള അധികാരം സംസ്ഥാനത്തിനില്ല. ഞങ്ങളുടെ സംശയം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിലും ഈ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ എന്തുനടപടി സ്വീകരിച്ചു എന്നതാണ് യഥാര്‍ത്ഥ ചോദ്യം





വി ഡി സതീശന്‍....


ചോദ്യം കേന്ദ്രചട്ടത്തെക്കുറിച്ചാണ്.... നിയമത്തിന് എതിരായി ചട്ടമുണ്ടാക്കാനുളള അധികാരമില്ല. കേന്ദ്രനിയമത്തിന് അനുസരിച്ചാണ് ചട്ടമുണ്ടാക്കേണ്ടത്. നിയമമുണ്ടാക്കുന്നത് പാര്‍ലമെന്റും ചട്ടമുണ്ടാക്കുന്നത് ഉദ്യോഗസ്ഥരുമാണ്. ചട്ടമുണ്ടാക്കിയപ്പോള്‍ ഒരുകാര്യത്തില്‍ തെറ്റുപറ്റിയിരുന്നു. 24 നറുക്കെടുപ്പുകള്‍ എന്ന് പറഞ്ഞിട്ടുണ്ട് ഒരുദിവസം. ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ പാടുളളൂ എന്നാണ് നിയമം. അത് ഗവണ്മെന്റ് ചലഞ്ച് ചെയ്യണം എന്ന് ഞങ്ങള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നിലനില്‍ക്കില്ല എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വന്ന ചട്ടത്തിലെ പഴുതുപയോഗിച്ച് ലോട്ടറി മാഫിയയ്ക്ക് ഇഷ്ടംപോലെ നറുക്കെടുപ്പ് നടത്താന്‍ കേരളം അനുവദിച്ചു. ഇനി ഓണ്‍ലൈന്‍ ലോട്ടറി ഇതിനുളളില്‍ ഉണ്ടോന്നാണ്. നിയമത്തില്‍ ഉളളതേ ചട്ടത്തില്‍ വരാന്‍ കഴിയൂ. നിയമത്തില്‍ ഇല്ലാത്തത് ചട്ടത്തില്‍ വരാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും കേന്ദ്രനിയമത്തില്‍ ഉളള സമയത്താണ് അത് കേരളത്തില്‍ നിരോധിച്ചത്. അത് ചട്ടത്തില്‍ ഉണ്ടായതു കൊണ്ട് കേരളത്തില്‍ എന്ത് തടസമാണ് ഉണ്ടാകാന്‍ പോകുന്നത്?.
തോമസ് ഐസക് 
പന്ത്രണ്ടുവര്‍ഷം ചര്‍ച്ചകളും ആലോചനയും നടത്തി ഉണ്ടാക്കിയ ചട്ടം നിയമത്തിന് വിരുദ്ധമാണ് എന്ന് സമ്മതിച്ചത് നന്നായി. കേരള ഹൈക്കോടതി 2010 ആഗസ്റ് 30ന് അഭിപ്രായപ്പെട്ടതുപോലെ ഈ ചട്ടം നിയമത്തിന്റെ ലക്ഷ്യത്തെ തകര്‍ക്കുന്നു.
ആഴ്ചയില്‍ ഒന്നിലേറെ നറുക്കെടുപ്പ് നടത്താന്‍ അനുവദിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അതിലേറെ ഗൌരവമായ രണ്ടുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്, ഓണ്‍ലൈന്‍ ലോട്ടറിയെയും ലോട്ടറിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രനിയമത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ച് പരാമര്‍ശമില്ല. നാലാം വകുപ്പിലെ നിബന്ധനകള്‍ക്ക് വിധേയമായേ ഓണ്‍ലൈന്‍ ലോട്ടറി നടത്താനുമാവില്ല.
ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും കേന്ദ്രനിയമത്തില്‍ ഉളളസമയത്താണ് കേരളം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചത് എന്നത് ശുദ്ധകളവാണ്. ഓണ്‍ലൈന്‍ ലോട്ടറി കേരളം നിരോധിച്ചതിനെതിരെ സുപ്രിംകോടതിയില്‍ നടക്കുന്ന കേസിന് പുതിയ ചട്ടം വിനയാകും. ഓണ്‍ലൈന്‍ ലോട്ടറി ലോട്ടറിയേ അല്ല, ചൂതാട്ടമാണ് എന്ന് വ്യഖ്യാനിച്ചാണ് ചൂതാട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെ കേരളത്തില്‍ നിരോധിച്ചത്.
എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് ലോട്ടറി നിയമത്തില്‍ നിയമസാധുത നല്‍കുന്നതോടെ നമ്മുടെ നിരോധനത്തിന്റെ ഗതിയെന്താകുമെന്ന് കണ്ടറിയണം. രണ്ടാമത്തേത്, അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനുളള എല്ലാ അധികാരങ്ങളും ഈ ചട്ടങ്ങള്‍ റദ്ദാക്കുന്നു. ഇതുവരെ അഞ്ചാം വകുപ്പ് പ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് അന്യസംസ്ഥാന ലോട്ടറി നിരോധിക്കാന്‍ അവകാശമില്ലെങ്കിലും ഏഴ് മൂന്ന് വകുപ്പ് പ്രകാരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മറ്റുനടപടികള്‍ സ്വീകരിക്കാനുളള അവകാശമുണ്ട് എന്നാണ് എല്ലാരും വ്യാഖ്യാനിച്ചിരുന്നത്.
ഇപ്രകാരം എടുത്ത നടപടിയെക്കെതിരെയുളള ഹൈക്കോടതി വിധികള്‍ക്കെതിരെ സുപ്രിംകോടതിയില്‍ നാം കേസ് നടത്തുകയാണ്. അപ്പോഴാണ് അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കാനേ അവകാശമുളളൂ എന്ന് അനുശാസിക്കുന്ന ചട്ടത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഞാനീ പറയുന്ന കാര്യങ്ങള്‍ യുഡിഎഫും അംഗീകരിച്ചിട്ടുളളതാണ്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഞാനും കൂടി സംയുക്തമായി ഇവ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാരിന് ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇവയോടൊക്കെ കണ്ണടച്ച് ദുഷ്പ്രചരണം നടത്താന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നത് അത്യത്ഭുതകരമാണ്.








വി ഡി സതീശന്‍....

പിന്നെ മണികുമാര്‍ സുബ്ബ.... മണികുമാര്‍ സുബ്ബ കേരളത്തില്‍ യാതൊരു ലോട്ടറിയും നടത്തുന്നില്ല. സാന്റിയാഗോ മാര്‍ട്ടിനാണ് ലോട്ടറി നടത്തുന്നത്. അവര്‍ക്ക് നെക്സസ് ഉണ്ട് എന്നുളളത് തെളിഞ്ഞിട്ടുണ്ട്. ........ മണികുമാര്‍ സുബ്ബ സിബിഐ അന്വേഷിക്കുന്ന ഒരു കേസിലെ പ്രതിയാണ്. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിന്റെ വലിയ നേതാവാണെങ്കില്‍ സിബിഐ അന്വേഷിക്കേണ്ടണ്ട ആവശ്യമില്ലല്ലോ? സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നല്ലേ പറയുന്നത്. സിബിഐ അയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ...
തോമസ് ഐസക് 
മണികുമാര്‍ സുബ്ബയല്ല, സാന്റിയാഗോ മാര്‍ട്ടിനാണ് കേരളത്തില്‍ ലോട്ടറി നടത്തുന്നത് എന്നത് ശരിയാണ്. പക്ഷേ, കേരളം മാത്രമല്ലല്ലോ ലോട്ടറി മാഫിയയുടെ വിഹാരരംഗം. ഇവരെ ചെറുക്കുന്നതിന് മറ്റുമാര്‍ഗമൊന്നുമില്ലാതെ സ്വന്തം ലോട്ടറി നിര്‍ത്താന്‍ നിര്‍ബന്ധിതരായ സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലായിടത്തും ലോട്ടറി മാഫിയയുടെ കൊളള നടക്കുകയാണ്.
ഇതിലേറ്റവും വലിയ അധോലോക രാജാവ് മണികുമാര്‍ സുബ്ബയാണ്. രണ്ടുതവണ ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എ, മൂന്നു തവണ പാര്‍ലമെന്റ് അംഗം, ആസാം കോണ്‍ഗ്രസ് ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം പരിലസിച്ചിരുന്ന ദേഹം ഇപ്പോള്‍ ആള്‍മാറാട്ടം, പൌരത്വമില്ലായ്മ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെല്ലാം പ്രതിയായി ഒളിവിലാണ്.
സിബിഐ കേസന്വേഷണം നടക്കുന്ന വേളയിലാണ് സുബ്ബയെ വീണ്ടും പാര്‍ലമെന്റിലേയ്ക്ക് സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹത്തിന്റെ സുകൃതങ്ങള്‍ വെളിച്ചത്തുവന്ന് ജനങ്ങളുടെ കോടതിയില്‍ തോറ്റപ്പോഴാണ് ഇപ്പോള്‍ വമ്പു പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുളളത്. ആയിരം കോടിയിലേറെ രൂപയാണ് താന്‍ കോണ്‍ഗ്രസിന് സംഭാവനയായി നല്‍കുന്നതെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ലോട്ടറി രാജാവ് സുഭാഷ് ചന്ദ്ര മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണയുടെ ഉറ്റസുഹൃത്താണ്. സാന്റിയാഗോ മാര്‍ട്ടിനാണ് ചെന്നൈയിലെ ദേശീയ ഗെയിംസിന് പതാക ഉയര്‍ത്തിയത്. ലോട്ടറി മാഫിയയും കോണ്‍ഗ്രസും തമ്മിലുളള കൂട്ടുകെട്ടിനെ നെക്സസ് എന്ന് വിശേഷിപ്പിക്കുന്നത് തീരെ മൃദുവായ ഒരു പ്രസ്താവനയായിപ്പോകും..








വി ഡി സതീശന്‍....

എന്റെ ചോദ്യം കോടതിയിലെ ഒത്തുകളിയെക്കുറിച്ചാണ്. അദ്ദേഹം പറയുന്നു മുന്‍കൂര്‍ നികുതി വാങ്ങാന്‍ പാടില്ല. കോടതി പറഞ്ഞു മേടിക്കണം. അതെല്ലാം ലോട്ടറി മാഫിയയുമായുളള ഒത്തുകളിയാണ്. ഒരുകേസ് ഞാന്‍ പറയാം. അരുണാചല്‍ പ്രദേശ്, സാന്റിയാഗോ മാര്‍ട്ടിനുമായി തെറ്റിപ്പിരിഞ്ഞ ആളുകള്‍ ഇവിടെ ലോട്ടറി നടത്താന്‍ വന്നു. ഇവര്‍ നികുതി വാങ്ങിയില്ല. അവര്‍ കോടതിയില്‍ പോയി. കോടതിയില്‍ പോയപ്പോള്‍ കോടതി പറഞ്ഞു അത് വിവേചനമാണ്. സിക്കിമിന്റെയും ഭൂട്ടാന്റെയും നികുതി വാങ്ങുമ്പോള്‍ അരുണാചല്‍ പ്രദേശിന്റെ കൈയില്‍ നിന്ന് വാങ്ങാതിരിക്കുന്നത് ശരിയല്ല. അതുകൊണ്ട് മുന്‍കൂര്‍ നികുതി വാങ്ങണം എന്ന് പറഞ്ഞു. ആ കേസിലെ വസ്തുതയെടുത്തിട്ട് മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ട്വിസ്റ് ചെയ്യുകയാണ്. രണ്ടാമത് സിക്കിം ലോട്ടറിക്കാര്‍ മനപ്പൂര്‍വം നികുതി അടയ്ക്കാന്‍ വൈകിച്ചു. നികുതി വൈകിയപ്പോള്‍ നികുതി സ്വീകരിക്കില്ല എന്ന് പറഞ്ഞു. ഉടനെ കോടതിയില്‍ പോയി. അപ്പോള്‍ കോടതി പറഞ്ഞു. വൈകിയതു കൊണ്ട് നികുതി സ്വീകരിക്കാതിരിക്കേണ്ട. പലിശ വാങ്ങി മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ പറഞ്ഞു. ......
തോമസ് ഐസക് 
കോടതിയും ലോട്ടറി മാഫിയയും തമ്മില്‍ ഒത്തുകളിക്കുകയാണ് എന്ന് പറയാത്തത് ഭാഗ്യം. ലോട്ടറി മാഫിയയ്ക്കു വേണ്ടി നിയമവ്യാഖ്യാനവും നടത്തി ചട്ടമുണ്ടാക്കിയവരാണ് പരിഹാസ്യമായ ഗീര്‍വാണങ്ങള്‍ മുഴക്കുന്നത്. എങ്ങനെ അസത്യം തറപ്പിച്ച് പറഞ്ഞ് കയ്യടി നേടാമെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ പരാമര്‍ശങ്ങള്‍.
സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് ഭൂട്ടാന്റെ നികുതി വാങ്ങി, എന്നാല്‍ അവരില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ബാലാജിയില്‍ നിന്ന് അരുണാചലിന്റെ നികുതി വാങ്ങിയില്ല. ഈ വിവേചനത്തിന് പിന്നിലും സാന്റിയാഗോ മാര്‍ട്ടിനുമായിട്ടുളള നെക്സസ് ആണെന്ന് വ്യംഗ്യം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? സാന്റിയാഗോ മാര്‍ട്ടിന്‍ സിക്കിം ലോട്ടറിയാണ് നടത്തിക്കൊണ്ടിരുന്നത്.
ഭൂട്ടാന്‍ ബാലാജിയുടേതായിരുന്നു. എന്നാല്‍ 2008ല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ഭൂട്ടാന്‍ ലോട്ടറിയുടെ ഏജന്‍സിയും കരസ്ഥമാക്കി. കേരള സര്‍ക്കാര്‍ നികുതി വാങ്ങിയില്ല. എതിരായി സിംഗിള്‍ ബഞ്ചിന്റെ വിധി വന്നു. എന്നിട്ടും നികുതി വാങ്ങിയില്ല. അവര്‍ ഡിവിഷന്‍ ബഞ്ചില്‍ പോയി. കോടതി അവരോട് നികുതി കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ നികുതി വാങ്ങിയത്. ബാലാജിയുടെ കാര്യത്തില്‍ ഇതു തന്നെയായിരുന്നു സംഭവിച്ചത്. ഹൈക്കോടതി എതിരായി വിധിച്ചു. പക്ഷേ, എന്തുകൊണ്ടോ കോടതിയില്‍ നികുതി കെട്ടിവെയ്ക്കാന്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കേരള സര്‍ക്കാര്‍ വീണ്ടും നികുതി വാങ്ങാതിരുന്നു. അവര്‍ സുപ്രിംകോടതിയില്‍ പോയി വിധി സമ്പാദിച്ചു. അവര്‍ ഇതുവരെ വീണ്ടും നികുതി അടയ്ക്കാന്‍ വന്നിട്ടില്ല.
അരുണാചല്‍ പ്രദേശ് താല്‍ക്കാലികമായി ലോട്ടറി നിര്‍ത്തിയതാണ് കാരണം.എപ്പോഴാണ് സിക്കിം സര്‍ക്കാര്‍ ലോട്ടറിയുടെ നികുതി വൈകിയതുകൊണ്ട് അത് വാങ്ങാതിരുന്നത്? കോടതിയില്‍ പോയി തോറ്റുകൊടുത്തത് എന്നത് എത്ര പരതിയിട്ടും മനസിലാകുന്നില്ല.
സമീപകാലത്തുണ്ടായ സംഭവമാണെങ്കില്‍, അത് സിക്കിമിന്റെ ലോട്ടറിയല്ല, ഭൂട്ടാന്റെ ലോട്ടറിയാണ്. സമയം വൈകിയതുകൊണ്ട് അവരില്‍ നിന്ന് പലിശ ഈടാക്കി നികുതി വാങ്ങുകയാണ് ചെയ്തത്. പിഴ വാങ്ങാതിരുന്നതിന് ഉദ്യോഗസ്ഥന്റെ മേല്‍ നടപടിയും സ്വീകരിച്ചു. പലിശ മാത്രം പോര, പിഴ കൂടി വാങ്ങണമെന്ന കാര്യം നിയമസഭയില്‍ ബഹളം വെച്ചുകൊണ്ടിരുന്ന യുഡിഎഫിന് പോലും അറിയില്ലായിരുന്നു. സര്‍ക്കാര്‍ സ്വമേധയാ സ്വീകരിച്ച നടപടിയായിരുന്നു അത്.





വി ഡി സതീശന്‍....


ആ ഡോക്യുമെന്‍സ് ലഭിക്കാന്‍ വേണ്ടി ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് പല ആളുകള്‍ സഹായിച്ചിട്ടുണ്ട്. അതില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥന്മാരുണ്ട്, അതുപോലെ സര്‍ക്കാര്‍ സര്‍വീസിലുള്ള ആളുകളുണ്ട്, പ്രമുഖരായ സിപിഎം നേതാക്കന്‍മാരുണ്ട്. ഒരുപാട് ആളുകളുടെ കയ്യില്‍ നിന്ന് ബന്ധപ്പെട്ട രേഖകള്‍ കിട്ടിയിട്ടുണ്ട്. ഒരു രേഖയും ഞാന്‍ കൌണ്ടര്‍ ചെക്ക് ചെയ്യാതെ കണ്‍ഫേം ചെയ്യാതെ പറഞ്ഞിട്ടില്ല. ഞാന്‍ സഭയില്‍ ഹാജരാക്കിയതോ പുറത്തു ഹാജരാക്കിയതോ ആയ ഒരു രേഖയുടെയും ജനുവിന്‍നെസ്സ് ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയോ എതിരേ സംസാരിച്ച ഏതെങ്കിലും ഒരു നേതാവോ അതിനെ വെല്ലുവിളിച്ചിട്ടില്ല. പരിശോധിച്ച് രണ്ടും മൂന്നും പ്രാവശ്യം കൌണ്ടര്‍ ചെയ്തിട്ടുണ്ട്. എപ്പോഴും നമുക്കു കിട്ടുന്ന സോഴ്സുകള്‍ ഒരുപാട് ആളുകള് നമുക്ക് തരും. ഒരുപാട് അഭിഭാഷകര്‍ തന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ഒരുപാട് അഭിഭാഷകരുണ്ട്.......
തോമസ് ഐസക് 
ഈ വിവാദത്തില്‍ രണ്ടേ രണ്ട് പുതിയ രേഖകളാണ് പ്രതിപക്ഷം ഇതുവരെ ഹാജരാക്കിയത്. ബാക്കിയെല്ലാം വാചകമടിയാണ്. ഒന്നാമത്തേത്, സിക്കിം ലോട്ടറി വകുപ്പിന്റെ കത്താണ്. ഇടുക്കി എംപി പിടി തോമസ് സിക്കിമിലെ എംപി വഴിയാണ് ഇത് സംഘടിപ്പിച്ചത്.
സിക്കിം സര്‍ക്കാരിന്റെ പ്രമോട്ടറായി ഫ്യൂച്ചര്‍ ഗെയിംസ് സൊല്യൂഷന്‍സ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയെന്നാണ് ഈ കത്തില്‍ പറയുന്നത്. ഇവരില്‍ നിന്നല്ല, മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നാണ് കേരളത്തില്‍ നികുതി സ്വീകരിക്കുന്നത് എന്ന് ആരോപിച്ചാണ് വിവാദം ഉണ്ടാക്കിയത്.
എന്നാല്‍ ഫ്യൂച്ചര്‍ ഗെയിമിംഗ് ഇന്ത്യയൊട്ടാകെയുളള ഡിസ്ട്രിബ്യൂട്ടര്‍ ആണെന്നും മേഘ കേരളത്തിലെ അംഗീകൃത ഏജന്‍സിയാണെന്നും സിക്കിം സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. മേഘയാണ് തങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന് ഭൂട്ടാനും അറിയിച്ചു. ഇന്നിപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറുടെ നിജസ്ഥിതി സംബന്ധിച്ചുളളതാണ്. ഇതാകട്ടെ, പ്രതിപക്ഷം ഉന്നയിച്ചിട്ടുളളതേയല്ല.
സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് ലഭ്യമായ ചില രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സ്വമേധയാ ഉന്നയിച്ചിട്ടുളളതാണ്. രണ്ടാമത്തെ രേഖയും പി ടി തോമസിന്റെ പൊടിക്കൈ തന്നെയായിരുന്നു. ലോകസഭയില്‍ അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു. "വ്യാജലോട്ടറിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോ?''
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരം ലഭിക്കേണ്ടിയിരുന്നത് ലോട്ടറി നടത്തുന്ന ഏതെങ്കിലും അംഗീകൃത പ്രമോട്ടര്‍മാര്‍ക്കെതിരെ ലോട്ടറി നിയമലംഘനത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്നാണ്.
ഈ ചോദ്യത്തിന് ഇല്ലാ എന്നായിരിക്കും ഖണ്ഡിതമായ ഉത്തരം. എന്നാല്‍ ഇവിടെ ചോദ്യം വ്യാജലോട്ടറിയെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരല്ലാത്തവര്‍ നടത്തുന്നതാണ് വ്യാജലോട്ടറികള്‍. നിശ്ചയമായും അത്തരം നടപടികള്‍ നടത്തുന്നവരുടെ പേരില്‍ ചൂതാട്ട നിയമമനുസരിച്ച് നടപടി സ്വീകരിക്കണം. വേണമെങ്കില്‍ മൂന്നാമതൊന്നുകൂടി പറയാം. അത് ഭൂട്ടാന്‍ ലോട്ടറിയുടെ പുതിയ രണ്ട് നറുക്കെടുപ്പുകള്‍ക്കുളള നികുതി സമയം വൈകി വാങ്ങിയതാണ്. അനധികൃതമായി മാര്‍ട്ടിനെ സഹായിച്ചതിന് പിന്നില്‍ 25 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു.
 നികുതി ഒടുക്കാന്‍ വൈകിയാല്‍ കാലതാമസത്തിന് പലിശയും പിഴയും വാങ്ങി മാപ്പാക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുമുണ്ട്. പിഴ വാങ്ങുന്നതില്‍ വന്ന വീഴ്ച നിയമസഭയിലോ പുറത്തോ യുഡിഎഫ് ഉന്നയിച്ചിട്ടേയില്ല. ഇവയല്ലാതെ മറ്റെന്ത് രേഖയാണ് ഹാജരാക്കിയതെന്ന് മനസിലായിട്ടേയില്ല.





വി ഡി സതീശന്‍....

2000 രൂപ പ്രൈസു കൊടുക്കുന്ന ലോട്ടറികള്‍ ബംഗാളില്‍ നടക്കുന്നുണ്ട്. 2000 രൂപയേ പ്രൈസ് മണി കൊടുക്കുകയുള്ളു. നാനൂറെണ്ണം നറുക്കു നടക്കുമ്പോള്‍ 10000 രൂപയേ പ്രൈസു കൊടുക്കൂ. മിനിമമായിട്ടൊരു തുക വെച്ചിരിക്കുന്നത് രണ്ടായിരമാണ്. പക്ഷേ മാക്സിമം ക്ളിപ്തപ്പെടുത്തിയിട്ടുണ്ട്. എന്താണ് എന്നറിയാമോ? എത്ര വേണമെങ്കിലുമാവാം. പക്ഷേ സ്റ്റേറ്റ് ലോട്ടറിയും അതേ ടാക്സ് മേടിക്കണമെന്നു മാത്രം. ഇപ്പോള്‍ കേരളത്തില്‍ വേണമെങ്കില്‍ ഇവര്‍ക്ക് ഒരോര്‍ഡിനന്‍സ് കൊണ്ടുവന്ന് എത്ര രൂപയാണ് കൂട്ടിയിരിക്കുന്നത്. ഞങ്ങളതിനെ സ്വാഗതം ചെയ്തു. ഇവര്‍ക്ക് വേണമെങ്കില്‍ 50 ലക്ഷം രൂപ ടാക്സ് മേടിക്കാം. പക്ഷേ ഒറ്റ കണ്ടീഷന്‍. ഈ കേരള ഭാഗ്യക്കുറിക്കുകൂടി 50ലക്ഷം രൂപ ടാക്സടിക്കണം. പക്ഷേ ഈ ചട്ടം അതിനെതിരല്ല........
തോമസ് ഐസക് 
ഏറ്റവും കുറഞ്ഞത് 2000 രൂപ നികുതി വാങ്ങണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ എന്നത് സംബന്ധിച്ച് തര്‍ക്കമില്ല. പക്ഷേ, കോടതികളില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നകാര്യം മനസിലാക്കണം. നറുക്കുകള്‍ക്ക് മേലുളള നികുതി കേരളത്തില്‍ രണ്ടര ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തി. ഇതുപോലെ അക്കാലത്ത് കര്‍ണാടക നികുതി ഉയര്‍ത്തി. രണ്ടിടത്തും ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. കര്‍ണാടക ഹൈക്കോടതി നികുതി വര്‍ദ്ധന റദ്ദാക്കി. തുക അതിരുകവിഞ്ഞതാണെന്നതായിരുന്നു അവരുടെ അഭിപ്രായം. കേരള ഹൈക്കോടതി വര്‍ദ്ധന ശരിവെച്ചു. ഇതിനെതിരെയുളള അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏഴ് ലക്ഷം രൂപ അതിരുകവിഞ്ഞതാണ് എന്നത് സംബന്ധിച്ച വാദം നടക്കുമ്പോള്‍ മിനിമം നികുതി 2000 ആക്കി പ്രഖ്യാപിക്കുന്നതിലെ ഔചിത്യം എന്ത്? ഇതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.








വി ഡി സതീശന്‍....

നിയമത്തില്‍ ഒരു കുഴപ്പവുമില്ല. ഞാന്‍ പറയാം. നിയമത്തിന്റെ എട്ടാം വകുപ്പിന് കേസുകളെടുക്കാനും ഇവരെ നിയന്ത്രിക്കാനും നടപടിയെടുക്കാനുമൊക്കെ അധികാരമുണ്ട്. ഉണ്ടാക്കിയിരിക്കുന്ന ചട്ടത്തിന് 3/22 അങ്ങനെ ഈ വ്യാജലോട്ടറികള്‍ സംസ്ഥാനത്ത് നടക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. വ്യാജലോട്ടറി ഏതാണെന്നു തീരുമാനിക്കണം. ഈ സ്വകാര്യപ്രസില്‍ അടിച്ചുകൊണ്ടുവരുന്നതാണോ വ്യാജലോട്ടറി. കള്ളനോട്ടടിച്ചു കൊണ്ടുവരുന്നപോലെയാണ് അടിച്ചുകൊണ്ടുവരുന്നത്.............
തോമസ് ഐസക് 
നിയമത്തിന്റെ എട്ടാം വകുപ്പില്‍ പോലീസിന് സ്വമേധയാ ജാമ്യമില്ലാത്ത കേസെടുക്കുന്നതിനെക്കുറിച്ചും ശിക്ഷയെക്കുറിച്ചും പ്രതിപാദിക്കുന്നത്. പക്ഷേ, അത് പ്രകാരം നടപടിയെടുക്കില്ല എന്നായിരുന്നു സുപ്രിംകോടതിയില്‍ യുഡിഎഫിന്റെ അണ്ടര്‍ടേക്കിംഗ്. ഇപ്പോഴത്തെ ചട്ടത്തിലാകട്ടെ, നടപടിയെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനുളള അധികാരമേ സര്‍ക്കാരിന് നല്‍കിയിട്ടുളളൂ.
ഹൈക്കോടതിയും സുപ്രിംകോടതിയും എത്രയോ തവണ ആവര്‍ത്തിച്ചു പറഞ്ഞ ഇക്കാര്യം ക്ഷീരബല പോലെ യുഡിഎഫ് എത്ര തിരിച്ചു പറഞ്ഞാലും നിയമപരമായ സാധുത ലഭിക്കാന്‍ പോകുന്നില്ല. നാലാം വകുപ്പ് നിബന്ധന ലംഘിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്ന് കേരളം എടുത്ത നടപടികളാണ് കോടതി റദ്ദാക്കിയത്. ഇവരില്‍ നിന്ന് നികുതി വാങ്ങാതിരുന്നതിന് പേപ്പര്‍ ലോട്ടറീസ് ആക്ടിലെ നിര്‍വചന പ്രകാരം നാലാം വകുപ്പ് നിബന്ധനയനുസരിച്ച് നടത്തുന്ന ലോട്ടറിയെയാണ് പേപ്പര്‍ ലോട്ടറി എന്ന് പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നികുതി വാങ്ങാത്തത്.
ഇതിനെതിരെയാണ് കോടതിവിധികള്‍ വന്നത്. ഇപ്പോള്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ പോലും കോടതിയുടെ നിലപാട് വളരെ വ്യക്തമാണ്. പ്രമോട്ടറുടെ നിജസ്ഥിതി സംബന്ധിച്ചുളള സംശയം മൂലമാണ് നികുതി വാങ്ങുന്നതിന് സ്റേ ലഭിച്ചിട്ടുളളത്. നാലാം വകുപ്പ് ലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാരാണ് പരിശോധനയും നടപടിയും എടുക്കേണ്ടത് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 








വി ഡി സതീശന്‍....

2006-2007 നടന്ന കേസുകളില്‍ ഈ സിബി മാത്യുവിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും ആ റിപ്പോര്‍ട്ട് ഏതെങ്കിലും കോടതിയില്‍ ആ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ടോ? കോടതിവിധി ഞാന്‍ പറയാം. കോടതിവിധിയില്‍ എന്താ പറയുന്നത്- ഇവര്‍ അവിടെ അറിയിച്ചു. എന്താ അറിയിച്ചത് ഞങ്ങള്‍ സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനെ അറിയച്ചതിന്റെ ലെറ്ററാണ് ഇവര്‍ പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന എക്സിബിറ്റ്. പരാമര്‍ശമുണ്ട്. പക്ഷേ സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അന്നു നടന്ന ഒരു കേസിലും ഹാജരാക്കിയിട്ടില്ല. സുപ്രീംകോടതിയില്‍ അത് ഞങ്ങള്‍ നിരന്തരം- മൂന്നുപ്രാവശ്യം ഞാനും മൂന്നോ നാലോ പ്രാവശ്യം ശ്രീ ജോസഫ് എം പുതുശ്ശേരിയും നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിയുടെ ഒരു ചോദ്യം ചെന്നു കഴിഞ്ഞപ്പോഴാണ് ആദ്യമായി സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. ഒത്തുകളിച്ചിട്ടുണ്ടെന്ന് എന്റെ ആരോപണം. 
............
തോമസ് ഐസക് 
അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സംബന്ധിച്ചുളള റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്നുളള കളളം ആവര്‍ത്തിച്ച് ഉറപ്പിക്കാനുളള ശ്രമത്തിലാണ് യുഡിഎഫ്. വിചിത്രമായ ഒരു ആരോപണമാണിത്. കാരണം, അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഈ സര്‍ക്കാര്‍ ഇതുവരെ എടുത്ത എല്ലാ നടപടികളുടെയും അടിസ്ഥാനം ഈ റിപ്പോര്‍ട്ടാണ്. ഇത് പൂഴ്ത്തിവെച്ചു എന്നാണ് ആരോപണം.
2006 ഒക്ടോബര്‍ 16നാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നത്. നവംബര്‍ 10ന് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശിവരാജ് പാട്ടീലിന് കേരളത്തിന്റെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അയച്ചുകൊടുത്തുകൊണ്ട് വിശദമായ കത്തെഴുതി (അര്‍ദ്ധ ഔദ്യോഗിക കത്ത് 15055/എച്ച് 1/06 നികുതി വകുപ്പ്).
തുടര്‍ന്ന് പ്രധാനമന്ത്രിയ്ക്കും ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇക്കാര്യം ഉമ്മന്‍ചാണ്ടിയും സമ്മതിച്ചിട്ടുണ്ട്. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം നല്‍കിയ നിവേദനത്തില്‍ ഇതാണ് പറയുന്നത്. "അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണം ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നഗ്നമായ ലംഘനം വെളിച്ചത്തു കൊണ്ടുവന്നു. ഈ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണം എന്ന അഭ്യര്‍ത്ഥനയോടു കൂടി കേന്ദ്ര സര്‍ക്കാരിന് അയച്ചു നല്‍കിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ മൂര്‍ത്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയതിനാല്‍ ഈ കൊള്ള നിര്‍വിഘ്നം തുടരുകയാണ്''.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഈ നോട്ടീസില്‍ അക്കമിട്ട് നിരത്തിക്കൊണ്ട് അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ 27-10-2006ന് നോട്ടീസ് നല്‍കി. ഈ നോട്ടീസാണ് സിക്കിം, ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പുകാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. പൂഴ്ത്തിവെച്ചു എന്ന് ആരോപിക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
"അന്യസംസ്ഥാനങ്ങള്‍ നടത്തുന്ന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരാളം പരാതികള്‍ ലഭിച്ചു. അതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി. സിക്കിം സംസ്ഥാന ലോട്ടറികളുടെ ധാരാളം ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പ് നഗ്നമായി ലംഘിച്ചാണ് ലോട്ടറികള്‍ നടത്തുന്നത് എന്ന് തെളിയിച്ച ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്്..
വിധിന്യായത്തില്‍ തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടും ഇത് കോടതിയില്‍ നിന്ന് മറച്ചുവെച്ചുവെന്ന ആരോപണം എത്ര അസംബന്ധമാണ്!








വി ഡി സതീശന്‍....

...അന്വേഷിക്കാന്‍ മനസ്സില്ല എന്ന നിലപാടില്‍ നിന്ന് വേണമെങ്കില്‍ അന്വേഷിക്കാം എന്നതിലേക്ക് മാറിയതില്‍ സന്തോഷമുണ്ട്.. 
 തോമസ് ഐസക് 
നിയമസഭയില്‍ പറഞ്ഞത് സഭാരേഖകളില്‍ നിന്ന് ഞാന്‍ ഉദ്ധരിക്കാം ....
ശ്രീ ആര്യാടന്‍ മുഹമ്മദ് : ഇവിടെ പറഞ്ഞ ഒരു കാര്യം. The Government of Sikkim has appointed three marketing agents namely. മൂന്നാമത്തെ ആളിന്റെ പേര് ഞാന്‍ വായിക്കാം. M/s Future Gaming Solution India Private Limited for conventional paper Lotteries.. അവരെയാണ്..... അപ്പോള്‍ അവരോടല്ലേ ടാക്സ് വാങ്ങേണ്ടത്.... ഇവിടെ ടാക്സ് വാങ്ങുന്നത് ആരോടാണ്.... അതാണ് ശ്രീ ബാബുവിന്റെ ചോദ്യം..... അതിന് അങ്ങ് ഉത്തരം പറയുന്നില്ല..... ഇവിടെ മെഗാ ഡിസ്ട്രിബ്യൂട്ടര്‍ അത് ആരാണ്...... സാന്റിയാഗോ മാര്‍ട്ടിന്റെ അളിയന്‍ ജോണ്‍ കെന്നഡി..... എങ്ങനെ നിങ്ങള്‍ ടാക്സ് വാങ്ങും. ആരാണ് ഏജന്റ്..... ഇത് സിക്കിം സര്‍ക്കാരിന്റെ കത്താണ്..... ഇവിടെ കെന്നഡി എങ്ങനെ വന്നു.. (ബഹളം)
ഡോ. തോമസ് ഐസക്. ....അന്വേഷിക്കാം..... (ബഹളം)... നിങ്ങള്‍ തമ്മിലുളള കത്തല്ലേ..... സര്‍ക്കാരിന് തന്ന കത്തല്ലല്ലോ. ആ കത്ത് കാണാതെ ഞാന്‍ എന്തുപറയാനാണ്..... (ബഹളം)...... അങ്ങനെയൊന്നുമില്ല. അങ്ങനെയൊന്നും വിരട്ടണ്ട.... (ബഹളം).... ഇറങ്ങിപ്പോകാന്‍ പരിപാടിയുണ്ടെങ്കില്‍ അതാവാം കേട്ടോ.... (ബഹളം)..........
ശ്രീ ഉമ്മന്‍ചാണ്ടി. : ഇപ്പോള്‍ മറുപടി മുട്ടിയപ്പോള്‍ പറയുന്ന കാര്യമാണ് അങ്ങ് പറഞ്ഞത്. ഇത്രയും സ്ട്രോങ് ആയ കേസാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു സമഗ്രമായ അന്വേഷണത്തിന് തയ്യാറാകാത്തത്...
ഡോ. തോമസ് ഐസക് - കാരണം, ഇല്ലാത്തൊരു കാര്യത്തെക്കുറിച്ച് ഇത്രയൊക്കെ കേന്ദ്രത്തില്‍ ലോട്ടറി മാഫിയയ്ക്കുവേണ്ടി കേന്ദ്രത്തില്‍ നിന്ന് ചെയ്തതിന് ശേഷം ഇവിടെ പ്രചരണത്തിനിറങ്ങുമ്പോള്‍ അതിനൊരായുധം നിങ്ങള്‍ക്ക് വേണം. അതിനല്ലേ ചോദിക്കുന്നത്. ഇപ്പോള്‍ മനസില്ല..... (ബഹളം).....
ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ച സംശയം അന്വേഷിക്കാമെന്ന് തന്നെയാണ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കുളം കലക്കി മീന്‍ പിടിക്കാനുളള പ്രതിപക്ഷ നേതാവിന്റെ മോഹത്തിന് കീഴടങ്ങാന്‍ മനസില്ലെന്ന് അന്ന് പറഞ്ഞതില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. 








വി ഡി സതീശന്‍....

ലോട്ടറി നിയമത്തിന്റെ സെക്ഷന്‍ 5 അനുസരിച്ച് സംസ്ഥാന ഗവണ്‍മെന്റ് അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്ക്. സംസ്ഥാന സര്‍ക്കാര്‍ എടുക്കേണ്ട നടപടികള്‍ എല്ലാം എടുക്കുകയും അവര്‍ക്കുള്ള അധികാരങ്ങള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു കഴിഞ്ഞതിനുശേഷം കേന്ദ്രസര്‍ക്കാര്‍ അവരുടെ അധികാരം ഉപയോഗിക്കാത്ത സാഹചര്യം വന്നാല്‍ ഞങ്ങളും ഇവരും കൂടെ പോകും.

തോമസ് ഐസക് 
സംസ്ഥാന സര്‍ക്കാരിന് ലോട്ടറി നിരോധിക്കാനുളള അധികാരം അഞ്ചാം വകുപ്പാണ് നല്‍കുന്നത്. ഒരു സംസ്ഥാനത്തിന്റെ അധികാരപരിധിയ്ക്കുളളില്‍ മറ്റൊരു സംസ്ഥാനഭാഗ്യക്കുറിയുടെ വില്‍പന നിരോധിക്കാനുളള അധികാരമാണ് അഞ്ചാം വകുപ്പ് നല്‍കുന്നത്.
എന്നാല്‍ ബി ആര്‍ എന്റര്‍പ്രൈസസ് കേസില്‍ സുപ്രിംകോടതി സംസ്ഥാനങ്ങള്‍ക്കുളള ഈ അധികാരം പരിമിതപ്പെടുത്തി. സ്വന്തം ലോട്ടറി നടത്തുന്ന ഒരു സംസ്ഥാനത്തിന് മറ്റു സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവില്ല. നിയമത്തിന്റെ ഏഴാം വകുപ്പിലാണ് നിരോധനമല്ലാത്ത മറ്റു ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുളള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നത്.
എന്നാല്‍ ഇതുപ്രകാരവും സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇതിന് കോടതികളുടെ പൂര്‍ണ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ തീര്‍പ്പ് ലംഘിച്ചതിനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയി സമസ്താപരാധവും ഏറ്റു പറഞ്ഞ്, എടുത്ത നടപടികളെല്ലാം പിന്‍വലിക്കാമെന്നും ഇനിമേല്‍ പുതിയ നടപടികളൊന്നും സ്വീകരിക്കുകയില്ലെന്നും ഉറപ്പുനല്‍കിയത്.
എന്നാല്‍ നാലാം വകുപ്പിലെ നിബന്ധനകള്‍ ലംഘിക്കുന്ന ഒരു സംസ്ഥാന ലോട്ടറിയെ നിരോധിക്കാനുളള സമ്പൂര്‍ണ അധികാരം ആറാം വകുപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട്. ഈ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൂടി നല്‍കണമെന്നതാണ് കേരള സര്‍ക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നത്.





വി ഡി സതീശന്‍....


നികുതി നിയമത്തിന് ഇതുവരെ ചട്ടം ഉണ്ടണ്ടാക്കിയിട്ടില്ലല്ലോ, നാല് നാലേകാല്‍ കൊല്ലമായിട്ട്?
തോമസ് ഐസക് 
നികുതി നിയമത്തിന് ചട്ടം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഉണ്ടാക്കിയിരുന്നു. ഇത് കൂടുതല്‍ കര്‍ക്കശമാക്കുന്നതിനുളള ഭേദഗതികള്‍ ഞങ്ങള്‍ കൊണ്ടുവരികയാണ്. ഇത് വേണമെങ്കില്‍ നേരത്തെ ആകാമായിരുന്നില്ലേ എന്ന് ചോദിക്കാം. ആ പോരായ്മ സമ്മതിക്കുന്നു. പക്ഷേ, ആ നുണുക്കു പണികൊണ്ടൊന്നും കേന്ദ്രലോട്ടറി നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വ്യാഖ്യാനം സംസ്ഥാന സര്‍ക്കാരിന് മേല്‍ സൃഷ്ടിക്കുന്ന വിലങ്ങുകള്‍ ഇല്ലാതാക്കുകയില്ല.





വി ഡി സതീശന്‍....

ക്ഷേമനിധി ബോര്‍ഡുണ്ടണ്ടാക്കിയപ്പോള്‍ ഈ സാന്റിയാഗോ മാര്‍ട്ടിനിന്റെ എറ്റവും അടുത്ത ആളായ ജയകുമാറിനെ വെച്ചു. ഒരു ക്ഷേമനിധി ബോര്‍ഡിനും കൊടുക്കാത്ത അധികാരം കൊടുത്തു. സംസ്ഥാന ഭാഗ്യക്കുറി ഒരു സ്കീം ഉണ്ടണ്ടാക്കുമ്പോള്‍ ക്ഷേമനിധി ബോര്‍ഡുമായി ആലോചിക്കണം. ഒരുപാട് വകുപ്പുകളില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ ഉണ്ട്. തൊഴിലാളികളുടെ വെല്‍ഫെയല്‍ ആക്ടിവിറ്റിക്ക് വേണ്ടി മാത്രമാണ് ക്ഷേമനിധി ബോര്‍ഡുണ്ടണ്ടാക്കുന്നത്. ഇവിടെ ഒരു പ്രത്യേക ഉത്തരവ്, സംസ്ഥാന ഭാഗ്യക്കുറി സ്കീം ഉണ്ടാക്കുമ്പോള്‍ അത് ക്ഷേമനിധി ബോര്‍ഡുമായി ആലോചിക്കണം. ക്ഷേമനിധിയിലിരിക്കുന്നതാരാ, മാര്‍ട്ടിന്റെ ബിസിനസ് നടത്തുന്ന ആളാണ്. കേരളാ ലോട്ടറി പോലുമെടുക്കാതെ മാര്‍ട്ടിന്റെ ലോട്ടറി മാത്രം വിറ്റുകൊണ്ടിരിക്കുന്ന ആള്‍. അപ്പോ സ്കീം കേരള ഭാഗ്യക്കുറി ഉണ്ടാക്കുമ്പോള്‍ തന്നെ അവിടെ അറിയിക്കണമല്ലോ? എന്നാലല്ലേ കോമ്പീറ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ.?
തോമസ് ഐസക് 
കേരള ഭാഗ്യക്കുറിയില്‍ ക്ഷേമനിധി രൂപീകരിച്ചത് കേവലം ക്ഷേമപ്രവര്‍ത്തനത്തിന് മാത്രമല്ല. കേരള ലോട്ടറി പ്രചരിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ്. അതേക്കുറിച്ച് നിയമസഭയില്‍ പറഞ്ഞത് സഭാരേഖയില്‍ നിന്ന് ഉദ്ധരിക്കട്ടെ.
 "....ഈ വെല്‍ഫയര്‍ ഫണ്ട് ഒരു ആയുധമാണ്....വില്‍പനക്കാരെ മുഴുവന്‍ നമ്മുടെ കേരള ഭാഗ്യക്കുറിയുടെ വെല്‍ഫയര്‍ ഫണ്ടുമായി ബന്ധപ്പെടുത്തി അന്യസംസ്ഥാന നിയമവിരുദ്ധ ലോട്ടറികള്‍ക്ക് എതിരെ ജനങ്ങളുടെ വിപുലമായ ഒരു മുന്നണിയുണ്ടാക്കാനുളള പരിശ്രമമാണ്. അതുകൊണ്ട് ഈ വര്‍ഷം അഞ്ചു കോടിയും അടുത്ത വര്‍ഷം പത്തുകോടിയും രൂപ സംസ്ഥാന സര്‍ക്കാര്‍ അംശാദായമായി നല്‍കുകയാണ്.... മുഴുവന്‍ ലോട്ടറി വില്‍പന യൂണിയനുകളുമായി രണ്ടുമൂന്ന് തവണ നമ്മള്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്. ... ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ വെല്‍ഫയര്‍ കമ്മിറ്റിയുണ്ടാക്കി. ആ കമ്മിറ്റിയുമായിട്ടും ഇത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ... കേരള ലോട്ടറി 10,000 രൂപയുടെ ടിക്കറ്റ് ഒരുമാസം വിറ്റാലേ ഇവിടെ അംഗമാകാന്‍ പറ്റൂ. ആനുകൂല്യങ്ങള്‍ നല്‍കുകയും നമ്മളോട് കമ്മിറ്റ്മെന്റുളള വില്‍പനക്കാരുടെ ഒരു സംഘത്തെയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇതിനെയൊന്ന് വെല്ലുവിളിക്കാം. ഇന്ന് അന്യസംസ്ഥാനലോട്ടറി വില്‍ക്കുന്നവരാണ് നമ്മുടെ ടിക്കറ്റും വില്‍ക്കുന്നത്.. ഇനി നമുക്ക് നിയമപരമായി നിയമവിരുദ്ധ ലോട്ടറികളെ നേരിടാന്‍ പറ്റുന്നില്ലെങ്കിലും ഇത്തരത്തില്‍ കേരളത്തിലെ വില്‍പ്പനക്കാരെ മുഴുവന്‍ വിശ്വാസത്തില്‍ എടുത്തുകൊണ്ട് അവര്‍ക്ക് ബദലായിട്ടുളള റൂട്ടുകള്‍ കാണിച്ചുകൊടുത്ത് വില്‍പനയ്ക്കുവേണ്ടി എത്തിക്കാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നേരിടും. അതിന് വേണ്ടിയാണ് ഏജന്റുമാരില്‍ ഒതുക്കി നിര്‍ത്താതെ മുഴുവന്‍ വില്‍പനക്കാരെയും ഇള്‍ക്കൊളളുന്ന രീതിയില്‍ ഇങ്ങനെ ഒരു വെല്‍ഫയര്‍ ഫണ്ടിന് രൂപം നല്‍കിയത്''.
ജയകുമാര്‍ അന്യസംസ്ഥാന ലോട്ടറിയുടെ കൂടി ഏജന്റാണ്. അതോടൊപ്പം തന്നെ കേരള ഭാഗ്യക്കുറി ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഏജന്റുമാരില്‍ ഒരാളും. കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍ക്കാത്ത ഏജന്റുമാരുടെയും വില്‍പനക്കാരുടെയും എണ്ണം കൈവിരലിലെണ്ണാവുന്നതേയുളളൂ. അവരെയാകെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ബോര്‍ഡില്‍ ആളുണ്ടാവില്ല. ഒരുകാര്യം കൂടി സാന്ദര്‍ഭികമായി പറയട്ടെ, യുഡിഎഫിന്റെ കാലത്ത് ക്ഷേമനിധിയില്‍ ഏജന്റുമാരുടെ പ്രതിനിധികളേ ഉണ്ടായിരുന്നുളളൂ. വില്‍പനക്കാര്‍ക്ക് പൂര്‍ണ അവഗണനയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഡയറക്ടര്‍ബോര്‍ഡില്‍ മഹാഭൂരിപക്ഷം വില്‍പനക്കാരുടെ പ്രതിനിധികളാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വിവാദങ്ങള്‍ എത്രവിദഗ്ധമായി സൃഷ്ടിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇപ്പറഞ്ഞ ആരോപണം. ഏതായാലും യുഡിഎഫിന്റെ അവസാന വര്‍ഷം 230 കോടി രൂപ വിറ്റുവരുമാനമുണ്ടായിരുന്ന സംസ്ഥാന ലോട്ടറി കഴിഞ്ഞ വര്‍ഷം 650 കോടിയിലേറെ രൂപ വരുമാനമുളളതായി വളര്‍ന്നു എന്നത് ആര്‍ക്കാണ് തമസ്കരിക്കാനാവുക..





വി ഡി സതീശന്‍....

ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രിംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ടാക്സ് പിരിക്കാന്‍ കഴിയാതെ പോയത് ഞങ്ങളുടെ തലയില്‍ വെയ്ക്കുകയാ... ............ അനുരാജ് വേഴ്സസ് സ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്. അത് വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ. യുഡിഎഫ് ഗവണ്‍മെന്റ് ഉളള കാലത്തും ഈ ആക്ഷണബിള്‍ ക്ളെയിമില്‍ നിന്ന് ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രിംകോടതി വിധിയുണ്ട്. അത് കുറച്ചുകൂടി കണ്‍ഫേം ചെയ്യുകയാണ് 2006 ഏപ്രിലില്‍ ഉണ്ടായ രണ്ടാമത്തെ സുപ്രിംകോടതി വിധി. രണ്ട് ഗവണ്മെന്റുകളുടെയും കാലത്ത് ടാക്സ് ലെവി ചെയ്യാതിരിക്കാന്‍ പറ്റാത്ത സുപ്രിംകോടതി വിധിയുണ്ടായിരുന്നു..?
തോമസ് ഐസക് 
നുണയാണ് ഈ വാദം. അന്‍രാജ് കേസിലെ കോടതിവിധിയെ എത്രവിദഗ്ധമായിട്ടാണ് ദുര്‍വ്യാഖ്യാനിക്കുന്നതെന്ന് നോക്കൂ.
ആക്ഷണബിള്‍ ക്ളെയിം എന്ന തത്ത്വം അന്‍രാജ് കേസില്‍ കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നത് ശരി. എന്നാല്‍ കോടതിയുടെ വിധിയെന്താണ്? അത് താഴെ കൊടുക്കുന്നു.
"മേല്‍പറഞ്ഞതില്‍ നിന്ന് എന്റെ നിഗമനം എന്തെന്നാല്‍ ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ആള്‍ക്ക് കിട്ടുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാനുളള അവകാശം ചരക്കാകുന്നു. അതുകൊണ്ട് തമിഴ്നാട് നിയമപ്രകാരവും ബംഗാള്‍ നിയമപ്രകാരവും നറുക്കെടുപ്പില്‍ പങ്കെടുക്കാനുളള അവകാശം ആക്ഷണബിള്‍ ക്ളെയിം അല്ല. അത് ഓരോ വില്‍പനയിലും ചരക്ക് കൈമാറ്റം ഉള്‍പ്പെടുന്നതാകുന്നു. ഇതിന്റെ വെളിച്ചത്തില്‍ ചോദ്യം ചെയ്യപ്പെട്ട ഭേദഗതികള്‍ സംസ്ഥാനലിസ്റിലെ എന്‍ട്രി 54 പ്രകാരം നികുതിനിയമം സാധുവായ നടമപടിയാണ്''.
ലോട്ടറി ടിക്കറ്റിന്റെ ആകെ മൂല്യത്തില്‍ പ്രൈസ് മണി കഴിച്ച് ബാക്കിയുളളതൊക്കെ ചരക്കാണ് എന്നാണ് അനുരാജ് വേഴ്സസ് തമിഴ്നാട് കേസില്‍ സുപ്രിംകോടതി പറഞ്ഞത്. 2006 ഏപ്രില്‍ 28ല്‍ സണ്‍റൈസ് കേസില്‍ സുപ്രിംകോടതി അന്‍രാജ് കേസിലെ വിധിയെ അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ വെറും ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല. ഇതിന് മേല്‍ വില്‍പന നികുതിയേ പാടില്ല.
അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന് നികുതിക്കുടിശിക പിരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്‍രാജ് വിധിയുടെ അടിസ്ഥാനത്തില്‍ വില്‍പന നികുതി പിരിക്കാമായിരുന്നു. എന്തിനേറെ പറയുന്നു, ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ നികുതി കമ്മിഷണര്‍ വിറ്റുവരുമാനത്തില്‍ നിന്ന് സമ്മാനത്തുക കിഴിച്ചതിന് ശേഷമുളള തുകയുടെ എട്ടുശതമാനമായിരിക്കും വില്‍പന നികുതി എന്ന് നിജപ്പെടുത്തുകയുണ്ടായി.
കണക്കുകൂട്ടാനുളള എളുപ്പത്തിന് വേണ്ടി നറുക്കൊന്നിന് നിശ്ചിതതുക വീതം അടച്ച് നികുതി കോമ്പൌണ്ട് ചെയ്യുന്നതിനുളള വ്യവസ്ഥയും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു. ഇത് രണ്ട് സമ്പ്രദായ പ്രകാരവും നികുതി പിരിച്ചെടുക്കുന്നതിന് ഒരുനടപടിയും യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലവും സ്വീകരിച്ചില്ല. അങ്ങനെ നികുതിവെട്ടിപ്പിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു.








വി ഡി സതീശന്‍....

.... ഞാനീ വിവാദം ഉണ്ടാക്കിയതുകൊണ്ടണ്ടാണ് ഈ നടപടികള്‍ എല്ലാം ഉണ്ടായത്. നികുതി സ്വീകരിക്കാതിരിക്കല്‍, പുതിയ ഓര്‍ഡിനന്‍സ്, സിംഗിള്‍ ബഞ്ചിന്റെ വിധി, ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്, കേസെടുക്കല്‍, ചെക്ക്പോസ്റ് പിടിക്കല്‍ ഇതൊക്കെ ആഗസ്റ് 27-ാം തിയതി കഴിഞ്ഞതിനുശേഷമല്ലേ ഈ ഗവണ്‍മെന്റ് ചെയ്തത്?..
തോമസ് ഐസക് 
ഉത്തരം മുട്ടിക്കുന്നത് എന്ന ഭാവേനെ യുഡിഎഫ് ഈ ചോദ്യം ഉയര്‍ത്തുന്നത്. തങ്ങള്‍ ബഹളം വെച്ചതുകൊണ്ടല്ലേ ഈ നടപടിയൊക്കെ സ്വീകരിച്ചത്. ഇതൊക്കെ നേരത്തെ ആകാമായിരുന്നില്ലേ? ഇപ്പോള്‍ സ്വീകരിച്ച നടപടികളുടെ മാതൃകയില്‍ ഇതിനു മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഒന്ന്, നിയമലംഘനത്തിന്റെ പേരില്‍ സിക്കിം, ഭൂട്ടന്‍ ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ശ്രമിച്ചു.
രണ്ട്, സിക്കിം ലോട്ടറികളുടെ അംഗീകൃത പ്രമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടര്‍ ആണോ എന്ന സംശയമുയര്‍ന്നപ്പോള്‍ നികുതി വാങ്ങാതിരുന്നു. എന്നാല്‍ അവര്‍ കോടതിയില്‍ പോയി വിജയിക്കുകയാണ് ഉണ്ടായത്. അരുണാചല്‍ പ്രദേശ് ലോട്ടറിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു.
മൂന്ന്, അരുണാചല്‍ സര്‍ക്കാരിന്റെ ടിക്കറ്റുകള്‍ അനധികൃതമായി കൊണ്ടുവന്നപ്പോള്‍ വാഹനം പിടിച്ചെടുക്കുകയും അവര്‍ക്ക് ഭീമമായ നികുതി ചുമത്തുകയും ചെയ്തു. ഇതിപ്പോള്‍ കോടതിയിലാണ്.
നാല്, യുഡിഎഫ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുന്നതിനുളള കേസ് സുപ്രിംകോടതിയില്‍ നടത്തി, എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാനെങ്കിലുമുളള അവകാശം സ്ഥാപിച്ചു.
അഞ്ച്, നിയമലംഘനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും അണിനിരത്തി കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു.
ഇതൊക്കെ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. പക്ഷേ, കഴിഞ്ഞകാല ചെയ്തികളെ മറച്ചുവെച്ചുകൊണ്ടുളള സംസ്ഥാന സര്‍ക്കാരിന് എതിരായ അപവാദപ്രചാരവേല ഇന്ന് സര്‍ക്കാരിന്റെ നടപടികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നു. വ്യത്യാസം അത്രമാത്രം..





വി ഡി സതീശന്‍....


ലോട്ടറി നിയമം ഇന്ത്യയ്ക്കാകെ ബാധകമാണ്. സെന്‍ട്രല്‍ ആക്ടാണ്. അതിനനുസരിച്ചുള്ള ചട്ടമാണ് 2010 ല്‍ ഉണ്ടണ്ടായിരിക്കുന്നത്. അങ്ങു പറഞ്ഞതുപോലെ നിയമവും ചട്ടവുമൊന്നും ഇരുമ്പുലക്കയല്ല. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണം. ഭരണഘടനാ ഭേദഗതികള്‍ തന്നെ വരുന്നത്. നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരട്ടെ..
തോമസ് ഐസക് 
അതുതന്നെയാണ് ഞാന്‍ പറയുന്നത്. കേന്ദ്രനിയമവും ചട്ടവും മാറണം.
ഒന്ന്, ഇന്നത്തെ കേന്ദ്രപ്രശ്നം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളല്ല ലോട്ടറി നടത്തുന്നത് എന്നതാണ്. അവര്‍ക്കുവേണ്ടി ഇടനിലക്കാരാണ് ലോട്ടറി നടത്തുന്നത്. ഇതാണ് ലോട്ടറി മാഫിയയുടെ വളര്‍ച്ചയുടെ പശ്ചാത്തലം.
ലോട്ടറി വില്‍ക്കുന്നതിന് ഏജന്റുമാരെ നിശ്ചയിക്കുകയല്ലാതെ ലോട്ടറി നടത്തുന്നതിനല്ല പ്രമോട്ടര്‍മാരും ഏജന്റുമാരും വേണ്ടത്. ഈ ഇടനിലക്കാരെ ഒഴിവാക്കുംവിധം കേന്ദ്ര ലോട്ടറി നിയമത്തില്‍ ഭേദഗതി വരുത്തണം.
രണ്ട്, ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കേന്ദ്രലോട്ടറി ചട്ടം ഭേദഗതി ചെയ്യണം. കേന്ദ്രനിയമത്തിലെ പ്രകാരം നിയമലംഘനം നടത്തുന്ന ലോട്ടറികള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനുളള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
മൂന്ന്, ഓരോ സംസ്ഥാനത്തിന്റെ ലോട്ടറിയുടെ പരിധി അതത് സംസ്ഥാനത്തിന്റെ അതിര്‍ത്തിയാക്കുക. ഒരു സംസ്ഥാനത്തിന്റെ അനുവാദമുണ്ടെങ്കിലേ അന്യസംസ്ഥാനലോട്ടറികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകൂ എന്ന് വ്യവസ്ഥ ചെയ്താല്‍ പ്രശ്നങ്ങള്‍ തീരും. ഇതിനെതിരെയുളള വാദം, ഇന്ത്യയെ ഒറ്റക്കമ്പോളമായി കാണണമെന്നും ഇത്തരത്തില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ശരിയല്ലെന്നുമുളളതാണ്.
എന്നാല്‍ ഇപ്പോള്‍ തന്നെ ചൂതാട്ടത്തെ ഇത്തരത്തില്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ചൂതാട്ടത്തിന്റെ ലഘുവായ വകഭേദമാണ് ലോട്ടറി. അതുകൊണ്ട് ഇത്തരമൊരു ഭേദഗതി വരുത്തുന്നതിന് നൈതികവും നിയമപരമായും ഒരു പ്രശ്നവുമില്ല.
 ഇവയെക്കുറിച്ചുളള ചര്‍ച്ചകള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

0 comments:

Post a Comment