തോമസ് ഐസക്കിന്റെ വാദങ്ങള്‍..

Friday, October 1, 2010

 കേന്ദ്രം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല..?

ലോട്ടറി നിരോധിക്കുന്നതിനും നാലാം വകുപ്പ് ലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് എന്ന വസ്തുതയെ ഒരാള്‍ പോലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ കേന്ദ്രലോട്ടറി നിയന്ത്രണ നിയമം നിലവില്‍ വന്നതിന് ശേഷമുളള പന്ത്രണ്ട് വര്‍ഷക്കാലത്തിനിടയില്‍ നിയമലംഘനത്തിന്റെ പേരില്‍ ഏതെങ്കിലും ലോട്ടറിയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടിയെങ്കിലും ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ? കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിന് എടുത്ത ഏകനടപടി ചട്ടമുണ്ടാക്കാന്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു. കേരളം അയച്ച പരാതികള്‍ ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കാനുളള പോസ്റ്മാന്‍ വേഷത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍

മാഫിയയെ സഹായിക്കുന്ന ചട്ടങ്ങള്‍

നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2010ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ ലോട്ടറി മാഫിയയ്ക്ക് സഹായകരമായിട്ടുളളതല്ലേ? ഓണ്‍ലൈന്‍ ലോട്ടറിയെ ലോട്ടറിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി; ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് എന്നത് ദിവസത്തില്‍ 24 ആക്കി; നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ കേന്ദ്രത്തിന് കത്തെഴുതുക എന്നത് മാത്രമാക്കി സംസ്ഥാനത്തിന്റെ അധികാരം ചുരുക്കി. ഇവയെന്തിനെന്ന് യുഡിഎഫ് വിശദീകരിക്കുമോ? കേരള ഹൈക്കോടതി പോലും എത്ര നിശിതമായ വിമര്‍ശനമാണ് ചട്ടങ്ങള്‍ സംബന്ധിച്ച് ഉയര്‍ത്തിയിട്ടുളളത്. ചട്ടങ്ങള്‍ കേന്ദ്രലോട്ടറി നിയമത്തിന്റെ ലക്ഷ്യങ്ങളെയും അന്തസത്തയെയും നിഹനിക്കുന്നു എന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വന്നത് ആര്‍ക്കുവേണ്ടി...?

സാന്റിയാഗോ മാര്‍ട്ടിന്റെയും ജോണ്‍ റോസിന്റെയും കമ്പനികളില്‍ നിന്ന് മുന്‍കൂര്‍ നികുതി നിരസിച്ചതിനെതിരെയുളള കേസില്‍ ലോട്ടറി മാഫിയയ്ക്കുവേണ്ടി വാദിക്കാന്‍ കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വന്നതെന്തിന്? 
ഭൂട്ടാന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അസല്‍ ഹാജരാക്കണം എന്ന് നികുതി അധികാരികള്‍ ബാലാജി ഏജന്‍സീസിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ രേഖകള്‍ ഹാജരാക്കാന്‍ വിസമ്മതിച്ച അവര്‍, നിയമോപദേശം തേടി കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലനെ സമീപിച്ചു. ശ്രീ ബാലാജി ഏജന്‍സീസുമായുള്ള വ്യാപാരക്കരാര്‍ സംസ്ഥാനസര്‍ക്കാരിനുമുന്നില്‍ വെളിപ്പെടുത്തേണ്ടതില്ലെന്നും സംസ്ഥാനസര്‍ക്കാരിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുക മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും ഗോപാലന്‍ നിയമോപദേശം നല്‍കി. 
കോടതിയില്‍ കേസെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ ഈ ഉപദേശമായിരുന്നു, ലോട്ടറി ഏജന്റിന്റെ സുപ്രധാന ആയുധം. വിജിലന്‍സ് റിപ്പോര്‍ട്ട് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും അതിന് യാതൊരു വിലയും നല്‍കേണ്ടതില്ലെന്നും വി ടി ഗോപാലന്‍ വാദിച്ചു. നാലാം വകുപ്പിന്റെ ലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സമര്‍ഥിച്ച വി ടി ഗോപാലന്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം സമയബന്ധിതമായി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സിംഗിള്‍ ബെഞ്ച് നല്‍കിയ നിര്‍ദേശം അനുചിതവും അനവസരത്തിലുള്ളതുമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

 കോടതി തളളിയ വാദങ്ങള്‍ ചട്ടമായപ്പോള്‍...
2003ല്‍ ചിദംബരം ലോട്ടറി മാഫിയയ്ക്കുവേണ്ടി കേസ് വാദിച്ചില്ലേ. അദ്ദേഹം ധനമന്ത്രിയായതിന് ശേഷം ലോട്ടറി മാഫിയയുടെ മുഖ്യഅഭിഭാഷക നളിനി ചിദംബരമല്ലേ? കോടതികളില്‍ ലോട്ടറി മാഫിയയ്ക്കു വേണ്ടി നടത്തിയ വാദമുഖങ്ങളല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ഇപ്പോള്‍ കേന്ദ്ര ലോട്ടറി ചട്ടങ്ങളാക്കി മാറ്റിയത്? ലോട്ടറി മാഫിയയുടെ കേസുകളില്‍ കേന്ദ്രമന്ത്രി ചിദംബരത്തിനും കുടുംബത്തിനും ഉളള താല്‍പര്യം മുന്‍നിര്‍ത്തി ലോട്ടറി സംബന്ധിച്ച് ചുമതലയില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ യുഡിഎഫ് തയ്യാറാകുമോ? ലോട്ടറി വെല്‍ഫയര്‍ ബോര്‍ഡ് അധ്യക്ഷന്റെ നേതൃത്വത്തില്‍ വിവിധ ലോട്ടറി യൂണിയനുകളുടെ നേതാക്കള്‍ 22, 23 തീയതികളിലായി പ്രധാനമന്ത്രി അടക്കമുളള കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരെ നേരിട്ട് കണ്ട് കേരളത്തിലെ പ്രതിസന്ധികള്‍ വിശദീകരിച്ചു. ചിദംബരം ഒഴിച്ച് ബാക്കിയെല്ലാവരും അനുഭാവത്തോടെയാണ് നമ്മുടെ പരാതികള്‍ കേട്ടത്. എല്ലാ സംസ്ഥാനങ്ങളും യോജിച്ച നിലപാട് സ്വീകരിച്ചാല്‍ നിയമഭേദഗതി ആകാം എന്നായിരുന്നു ചിദംബരത്തിന്റെ അഭിപ്രായം. കേന്ദ്രനിയമം അതേപടി നടപ്പാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. അതിനെന്തിന് അഭിപ്രായ സമന്വയം
നികുതി പിരിക്കാത്ത യുഡിഎഫ് ഭരണകാലം
യുഡിഎഫ് ഭരണകാലത്ത് 5750 കോടി രൂപയുടെ നികുതിയ്ക്കുളള നോട്ടീസ് ലോട്ടറി കമ്പനികള്‍ക്ക് നല്‍കി. നറുക്കൊന്നിന് 20000 രൂപ വെച്ച് നികുതി അടയ്ക്കാമെന്ന് ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ തന്നെയാണ് സമ്മതിച്ചത്. പക്ഷേ, ഇത് അതിര് കവിഞ്ഞതാണെന്നും യഥാര്‍ത്ഥത്തില്‍ വിറ്റുവരുമാനത്തില്‍ നിന്ന് സമ്മാനത്തുക കിഴിച്ച് എട്ടുശതമാനം നികുതിയായി നല്‍കിയാല്‍ മതിയാകും എന്ന് നികുതി വകുപ്പ് പിന്നീട് വിശദീകരണം നല്‍കി. തങ്ങള്‍ ആദ്യം നല്‍കിയ നോട്ടീസ് പ്രീ അസെസ്മെന്റ് നോട്ടീസാക്കി മാറ്റി. അന്നു തന്നെ ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 5750 കോടി രൂപ നിയമപരമായി നല്‍കിയ ഇളവുമൂലം പിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാപ്പാക്കാം. പക്ഷേ, പുതിയ വിശദീകരണ പ്രകാരം വിറ്റുവരുമാനത്തിന്റെ എട്ടുശതമാനം നികുതി പോലും പിരിക്കാതിരുന്നതിന് എന്താണ് ന്യായീകരണം. ലോട്ടറി നികുതി വെട്ടിപ്പിന് യുഡിഎഫ് കൂട്ടുനില്‍ക്കുകയായിരുന്നു.
കേസുകള്‍ അട്ടിമറിക്കാനുളള തിരക്കഥ ആരുടേത്...

2004ല്‍ സംസ്ഥാന ലോട്ടറി ചട്ടത്തിന്റെ 24-ാം വകുപ്പ് അടിസ്ഥാനമാക്കി 544 കേസുകള്‍ എടുത്തു. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. കെ ശങ്കരനാരായണന് പകരം വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായി. അതോടെ ഈ കേസുകളെല്ലാം അട്ടിമറിക്കപ്പെട്ടു. സുപ്രിംകോടതി സ്റേ ചെയ്തിട്ടും വീണ്ടും ഏഴ് കേസുകള്‍ രജിസ്റര്‍ ചെയ്ത് കോടതിയലക്ഷ്യം ഉറപ്പാക്കി. കോടതിവിധിയുടെ അവ്യക്തത നീക്കണമെന്ന് അപേക്ഷ നല്‍കി ഉത്തരവ് വാങ്ങിയതിന് ശേഷമാണ് വീണ്ടും കേസെടുത്തതെന്ന് ഓര്‍ക്കണം. കോടതിയലക്ഷ്യത്തിന്റെ പേരില്‍ ഔപചാരികമായി നിയമവകുപ്പോ ലോട്ടറി വകുപ്പോ എജിയുമായോ ആലോചിക്കുക പോലും ചെയ്യാതെ കോടതിയലക്ഷ്യത്തിന് കാരണമായ ഏഴ് കേസുകള്‍ മാത്രമല്ല, അതിനു മുമ്പെടുത്ത 544 കേസുകളും പിന്‍വലിച്ചു. ഇനിയൊരു കേസും എടുക്കില്ല എന്നുറപ്പും നല്‍കി. കോടതി പോലും ആവശ്യപ്പെട്ടത് തുടര്‍ന്ന് കേസുകള്‍ എടുക്കാന്‍ പാടില്ലെന്നായിരുന്നുവല്ലോ. ആരെ രക്ഷിക്കാനായിരുന്നു ഈ കേസുകളെല്ലാം അട്ടിമറിച്ചത്? 
ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ നുണപ്രചരണം
സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ് സംസ്ഥാനത്തില്‍ വലിയ വിവാദമായി. വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിശിതമായ വിമര്‍ശനം ഉയര്‍ത്തി. ഈ വിവാദത്തില്‍ നിന്ന് രക്ഷപെടാനുളള ഉപായമായിരുന്നു, കേരളത്തെ ലോട്ടറിരഹിത മേഖലയായി പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ലോട്ടറി ഇതിന് ഒരാഴ്ച മുമ്പ് നിരോധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഹൈക്കോടതി ഈ നടപടി അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഓണ്‍ലൈന്‍ ലോട്ടറിയുടെ ചൂഷണത്തില്‍ നിന്ന് രക്ഷനേടുന്നതിനാണ് എല്ലാ ലോട്ടറിയും നിരോധിച്ചത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. 
 നാലാം വകുപ്പ് ലംഘനവും കേരള സര്‍ക്കാരും

നാലാം വകുപ്പ് ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലോട്ടറി നിരോധിക്കാമോ? മറ്റുശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടോ? നാലാം വകുപ്പ് ലംഘിച്ചതിന്റെ പേരില്‍ ലോട്ടറി നടത്തിപ്പുകാരുടെ രജിസ്ട്രേഷന്‍ റദ്ദുചെയ്യുന്നതിന് സംസ്ഥാനം നല്‍കിയ നോട്ടീസ് ഇപ്പോള്‍ സുപ്രിംകോടതിയിലാണ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ വിധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതിലെ പരാമര്‍ശം ഇതാണ്. നാലാം വകുപ്പിന്റെ ലംഘനമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനാണ് അതില്‍ നടപടിയെടുക്കാനുളള അധികാരം. 
കേന്ദ്രനിയമത്തിന്റെ നാല് എ മുതല്‍ കെ വരെയുളള വകുപ്പുകള്‍ ലംഘിക്കുന്നുവെങ്കില്‍ അതിനെതിരെ നടപടിയെടുക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കേരള നിയമത്തിലെ അധികാരികള്‍ക്ക് ഇതിന് അവകാശമില്ലെന്നും ജസ്റിസ് കെ. എസ്. രാധാകൃഷ്ണനും എം. എന്‍. കൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധിച്ചു. ഇപ്പോള്‍ ഏറ്റവും അവസാനം കേരള ഹൈക്കോടതി 2010 ഓഗസ്റ് 30ന്റെ വിധിയില്‍ ഇതാണ് പറയുന്നത്. "കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുളള കാര്യമാണ്. 
നിയമലംഘനം കൈകാര്യം ചെയ്യുന്നതിനും ലോട്ടറികള്‍ നിരോധിക്കുന്നതിനുമുളള അധികാരം സമ്പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ലോട്ടറികളില്‍ നിന്ന് നികുതി പിരിക്കുന്നതിനുളള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരപരിധിയിലേയ്ക്ക് കടന്നു കയറാന്‍ അവകാശമില്ല''. സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാം. പക്ഷേ, സ്വന്തം ലോട്ടറി കൂടി വേണ്ടെന്ന് വെയ്ക്കണം. ഇതാണ് അഞ്ചാം വകുപ്പ് സംബന്ധിച്ച് സുപ്രിംകോടതി ബി ആര്‍ എന്റര്‍പ്രൈസസ് കേസില്‍ വ്യക്തമാക്കിയത്
ഏഴ് (മൂന്ന്) സത്യവും മിഥ്യയും
കേന്ദ്രലോട്ടറി നിയമം ഏഴ് (മൂന്ന്) പ്രകാരം സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമോ? ലോട്ടറി നിയന്ത്രണ നിയമത്തിന്റെ ഏഴാം വകുപ്പിന് മൂന്ന് ഉപവകുപ്പുകളുണ്ട്. അവയില്‍ ഏഴ് (മൂന്ന്) ലോട്ടറി നിയന്ത്രണ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ച് ലോട്ടറി വില്‍പന നടത്തുന്ന ഏതൊരാള്‍ക്കും എതിരെ സ്വീകരിക്കാവുന്ന ശിക്ഷാനടപടികളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
എട്ടാം വകുപ്പില്‍ ഈ കുറ്റങ്ങള്‍ പോലീസിന് സ്വമേധയാ കേസെടുക്കാവുന്നതും ജാമ്യമില്ലാത്തതുമാണ് എന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത് പ്രകാരം എന്തുകൊണ്ട് സംസ്ഥാനം നടപടിയെടുക്കുന്നില്ല എന്നതാണ് ചോദ്യം. ഉത്തരം ലളിതമാണ്. ഇതിനുളള അധികാരമാണ് സുപ്രിംകോടതി പരിമിതപ്പെടുത്തിയിട്ടുളളത്. ഏഴ് (മൂന്ന്) വകുപ്പ് പ്രകാരം നടപടിയെടുത്തതിനെതിരെ ലോട്ടറി ഏജന്റുമാരുടെ അസോസിയേഷനും മേഘാലയ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ കേസ് സുപ്രിംകോടതിയിലെത്തിയപ്പോഴാണ് എടുത്ത നടപടി പിന്‍വലിക്കുന്നുവെന്നും ഇനിയൊരു നടപടിയുമെടുക്കില്ല എന്നും കോടതിയില്‍ ഉറപ്പു നല്‍കിയത്.
ഈ ഉറപ്പ് യുഡിഎഫ് നല്‍കിയത് 2005 ജനുവരിയിലാണ്. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നരക്കൊല്ലം വീണ്ടും അധികാരത്തിലിരുന്നു. ഈ ഉറപ്പ് നല്‍കിയ തടസം നീക്കിക്കിട്ടാന്‍ ഒരപേക്ഷ പോലും ഇക്കാലത്ത് അവര്‍ നല്‍കിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ തടസം നടപടിയെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്യുന്നതിനുളള പരിമിത അധികാരം ലഭിച്ചത്. ഇതിന്‍പ്രകാരം നൂറിലധികം റെയിഡുകള്‍ നടത്തുകയും 41 കേസുകള്‍ രജിസ്റര്‍ ചെയ്യുകയും ചെയ്തു.
കേസുകളുമായി മുന്നോട്ടു പോകുന്നതിന് അനുമതി തേടി സുപ്രിംകോടതിയിലെത്തിയപ്പോഴാണ് 2010 മാര്‍ച്ച് 11ലെ സുപ്രിംകോടതി ഇപ്രകാരം വിധിച്ചത്. "ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിച്ചുകൊണ്ട് നടക്കുന്ന ലോട്ടറി നറുക്കുകള്‍ക്ക് മേല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഇതുസംബനധിച്ച് ഉയര്‍ന്നു വന്നിട്ടുളള പരാതികള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്''.
സത്യവാങ്മൂലം എന്തുകൊണ്ട് പിന്‍വലിച്ചില്ല..?
എന്തുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല? എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വാഭാവിക നീതിയ്ക്കെതിരായ ഈ ഉറപ്പ് പിന്‍വലിക്കുന്നതിന് നടപടി ആരംഭിച്ചു. എന്നാല്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കമുളള നിയമജ്ഞരുമായുളള ചര്‍ച്ചയില്‍ ഇപ്രകാരം പുതിയ സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്‍സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പിന്‍വലിക്കുന്നത് ഉചിതമായിരിക്കില്ല എന്ന ഉപദേശമാണ് നല്‍കിയത്.
അക്കാലത്തായിരുന്നു, ഗോശ്രീ പാലം സംബന്ധിച്ച് മുന്‍സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പുതിയ സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ കോടതിയില്‍ നിന്ന് കര്‍ശനമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സുപ്രിംകോടതിയില്‍ കേസിന്റെ പ്രാരംഭ വിചാരണ തുടങ്ങിക്കഴിഞ്ഞിരുന്നു. കോടതിയലക്ഷ്യത്തിന്റെ പേരിലുളള സത്യവാങ്മൂലം അതിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് വാദിച്ച ശേഷമല്ലാതെ പിന്‍വലിക്കാനാവില്ല. എന്നാല്‍ അവധി നീട്ടിവെച്ച് കേസ് രണ്ടുവര്‍ഷം കടന്നുപോയി.
2008ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിക്കാനുളള അപേക്ഷ ഔപചാരികമായി കോടതിയില്‍ സമര്‍പ്പിച്ചു. 2010 ആയെങ്കിലും ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആറുകള്‍ രജിസ്റര്‍ ചെയ്യുന്നതിനുളള അനുവാദം നല്‍കിക്കൊണ്ടുളള ഉത്തരവ് വാങ്ങാന്‍ കഴിഞ്ഞത്. തുടര്‍നടപടികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. 
 ചട്ടം മൂന്ന് (22) വെച്ച് സംസ്ഥാനം എന്തുചെയ്യും...?
കേന്ദ്ര ചട്ടം മൂന്ന് (22) സംസ്ഥാനത്തിന് നിയന്ത്രണാധികാരം നല്‍കുന്നുവോ? സര്‍ക്കാരോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്റുമാരോ അല്ലാതെ മറ്റാരും തങ്ങളുടെ സംസ്ഥാനത്ത് ലോട്ടറി നടത്തുന്നില്ല എന്ന് അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം എന്നതാണ് ചട്ടം 3(22)ലെ വ്യവസ്ഥ. 
സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ നടത്തുന്നത് ഔദ്യോഗിക ഏജന്റുമാരാണോ എന്നന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ച കഥ മുന്‍പ് പറഞ്ഞുവല്ലോ. നാലേ നാല് പ്രവൃത്തിദിവസങ്ങള്‍ക്കകം മേഘയാണ് ഇവരുടെ ഔദ്യോഗിക ഏജന്റ് എന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് കിട്ടി. 
ചട്ടം 3 (22) പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഇനിയെന്താണ് ചെയ്യാന്‍ കഴിയുക? മേഘയും കൂട്ടരും നടത്തുന്ന നിയമലംഘനത്തിനെതിരെ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം. 
കേരളത്തിന്റെ ലോട്ടറി നിയമം എന്തിന് ?

കേരളത്തിലെ ലോട്ടറി നികുതി നിയമം അനുസരിച്ച് നടപടി സാധ്യമല്ലേ? കേന്ദ്ര ലോട്ടറി നിയമമോ ചട്ടമോ പ്രകാരം യാതൊരു നടപടിയ്ക്കും സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. വ്യാജലോട്ടറി, അതായത് ലോട്ടറി നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പ്രമോട്ടറല്ലാത്ത ആരെങ്കിലും ലോട്ടറി നടത്തിയാല്‍ മാത്രമേ എന്തെങ്കിലും നടപടിയെടുക്കാന്‍ സാധിക്കൂ. 
പിന്നെ, സംസ്ഥാന സര്‍ക്കാരിന്റെ ഏക അത്താണി സംസ്ഥാന ലോട്ടറി നികുതി നിയമം ആണ്. ഇത് പ്രകാരം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് ചോദിക്കുന്ന ശുദ്ധാത്മാക്കളുമുണ്ട്. ഇക്കാര്യത്തിലും കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം നികുതി പിരിക്കാനുളളത് മാത്രമാണെന്നും നിയന്ത്രണാധികാരമുളളതല്ലെന്നും നികുതി പിരിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലോട്ടറിയുടെ നിയമസാധുതയെക്കുറിച്ച് 'ആഴത്തിലുളള അന്വേഷണം' (ൃീ്ശിഴ ുൃീയല) നടത്താന്‍ അധികാരമില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.
 അരുണാചല്‍ കേസില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ടാക്സ് ഓണ്‍ പേപ്പര്‍ ലോട്ടറി നിയമത്തെക്കുറിച്ച് നടത്തിയ നിരീക്ഷണമാണിത്. 2010 ആഗസ്റിലെ കേരള ഹൈക്കോടതി വിധിയും കേരളത്തിന്റെ ലോട്ടറി നികുതി നിയമത്തിന്റെ സാധുതയെ പരിശോധിക്കുന്നുണ്ട്. നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനുളള അധികാരം കേന്ദ്ര നിയമത്തിനാണെന്നും സംസ്ഥാന പേപ്പര്‍ ലോട്ടറി നികുതി നിയമം നികുതി പിരിക്കുന്നതിനും അനുബന്ധകാര്യങ്ങള്‍ക്കും മാത്രമുളളതാണെന്നും കോടതി പറഞ്ഞു.
 സംസ്ഥാന നിയമത്തിലെ പിഴ ചുമത്താനുളള വകുപ്പുകള്‍ നികുതി പിരിവുമായി ബന്ധപ്പെട്ടത് മാത്രമാണെന്നും ഇതുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണ അധികാരത്തിലേയ്ക്ക് കടന്നു കയറുതെന്നും ജസ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ വിധിന്യായത്തില്‍ പറഞ്ഞു. 
 "തോറ്റ" 32 കേസുകളുടെ കഥ
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളം തോറ്റത് 32 കേസുകളിലാണ്. തുടരെത്തുടരെയുളള ഈ തോല്‍വിയ്ക്ക് ഉത്തരവാദി ആരാണ്? തോറ്റെന്നു പറയുന്ന 32 കേസുകളില്‍ 27ഉം നികുതി കുടിശിക സംബന്ധിച്ചുളളവയാണ്. ഇവ ഏതാനും ബാച്ചുകളായി ഒരുമിച്ചാണ് ഹൈക്കോടതി പരിഗണിച്ചത്. 
സണ്‍ റൈസ് കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ലോട്ടറി നികുതിക്കുടിശിക ഈടാക്കാനാവില്ല എന്ന് ഹൈക്കോടതി വിധിച്ചു. ഓരോന്നിനും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. ഒടുവില്‍ സണ്‍ റൈസ് കേസിന്റെ വ്യക്തമായ വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി സര്‍ക്കാരിനെ ശാസിക്കുന്ന നില വന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വീണ്ടും വീണ്ടും കേസുകളുമായി വരുന്നത് എന്ന് വ്യക്തമാക്കാന്‍ നിയമസെക്രട്ടറിയോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. 
ലോട്ടറി നികുതി കുടിശികയുടെ കഥ കഴിഞ്ഞു. ഇത് ഈടാക്കാനാവില്ല എന്ന നില ഇങ്ങനെയാണ് ഉണ്ടായത്. ലോട്ടറിക്കാര്‍ക്ക് വേണ്ടി മുന്‍പ് കേസില്‍ ഹാജരായ ഒരു വക്കീല്‍ തന്നെ ഗവണ്മെന്റ് പ്ളീഡര്‍ എന്ന നിലയില്‍ ലോട്ടറിക്കേസുകളില്‍ ഹാജരായത് യാദൃശ്ചികമല്ല എന്നാണ് മനോരമ പറയുന്നത്. നികുതിക്കേസുകളുടെ കാര്യത്തില്‍ വിധിയെങ്ങനെ പ്രതികൂലമായി എന്ന് പറഞ്ഞു കഴിഞ്ഞുവല്ലോ. 
32ല്‍ മറ്റഞ്ചു കേസുകള്‍ ഭൂട്ടാന്റെയും സിക്കിമിന്റെയും രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യുന്നതും മറ്റുമായി ബന്ധപ്പെട്ടവയാണ്. ഇവയില്‍ സിംഗിള്‍ ബഞ്ചില്‍ ഭൂട്ടാനെതിരെ ഒരു കേസ് വിജയിക്കുകയുണ്ടായി. അത് കൈകാര്യം ചെയ്തത് മേല്‍പറഞ്ഞ വക്കീല്‍ തന്നെയാണ്. മുമ്പ് ലോട്ടറിക്കാര്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ട് എന്ന ആക്ഷേപമുയര്‍ന്നപ്പോള്‍ അദ്ദേഹം തന്നെ സ്വമേധയാ സ്ഥാനമൊഴിയുന്നതിനുളള മാന്യതയും കാണിച്ചു. 
മണി കുമാര്‍ സുബ്ബയും കോണ്‍ഗ്രസും

മണികുമാര്‍ സുബ്ബ എന്ന ലോട്ടറി മാഫിയ രാജാവിനെ രണ്ടുവട്ടം എംഎല്‍എയും മൂന്നുവട്ടം എംപിയും ആസാം പിസിസിയുടെ ട്രഷററും ആയി കോണ്‍ഗ്രസ് നിയമിച്ചത് എന്തിന്? 
അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്ന കാലത്ത് നടന്ന വെട്ടിപ്പുകളെക്കുറിച്ച് വിശദമായ എത്രയോ റിപ്പോര്‍ട്ടുകള്‍ സി ആന്റ് എജി സമര്‍പ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരുനടപടി എടുക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ സന്നദ്ധമായോ? 
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും സുബ്ബ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ. ആള്‍മാറാട്ടം മുതല്‍ ബലാത്സംഗവും കൊലപാതകവും വരെ സുബ്ബയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതിയില്‍ കേസും ഉണ്ടായി.
 ബിജെപയുടെ ഭരണകാലത്ത് തുടങ്ങിയ സിബിഐ അന്വേഷണവും ഉണ്ടായിരുന്നു. എന്നിട്ടും ഇദ്ദേഹത്തിന് വേണ്ടി വാദിക്കുന്നതിന് സാക്ഷാല്‍ പ്രണബ് മുഖര്‍ജിയും രംഗത്തുവന്നു. 
സുബ്ബയായിരുന്നു കോണ്‍ഗ്രസിന്റെ പ്രമുഖ ധനസ്രോതസുകളിലൊന്ന്. എത്രായിരം കോടി രൂപ ഈ ലോട്ടറി മാഫിയ നേതാവിന്റെ കൈയില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിച്ചുവെന്ന് വ്യക്തമാക്കാമോ? 
സ്ക്കീമുകള്‍ക്ക് അംഗീകാരവും അഴിമതിയും
സിക്കിം ലോട്ടറിയുടെ പുതിയ സ്കീമുകള്‍ക്ക് അനധികൃതമായി അംഗീകാരം നല്‍കിയതില്‍ അഴിമതിയില്ലേ? 
ജൂലൈ രണ്ടിന് പാലക്കാട് അസിസ്റന്റ് കമ്മിഷണര്‍ പുതിയ രണ്ട് സിക്കിം ലോട്ടറി സ്ക്കീമുകള്‍ക്കുളള നികുതി വാങ്ങി. ആ മാസം പതിനേഴ് മുതല്‍ നറുക്കെടുപ്പ് നടത്തുന്നതിന് അനുമതിയും നല്‍കി. കേരള പേപ്പര്‍ ലോട്ടറി നികുതി നിയമപ്രകാരം തലേ മാസം ഒന്നാം തീയതി ഈ നികുതി അടയ്ക്കണമായിരുന്നു. അനധികൃതമായി മാര്‍ട്ടിനെ സഹായിച്ചതിന് പിന്നില്‍ 25 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. രജിസ്ട്രേഷനില്ലാത്ത ലോട്ടറികള്‍ക്കാണ് നികുതി വാങ്ങിയത്. ഇതും അഴിമതിയാണെന്ന് ആരോപണമുണ്ടായി. 
ദേശാഭിമാനി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പരസ്യയിനത്തില്‍ മുന്‍കൂറായി വാങ്ങിയ 2 കോടി രൂപ മാര്‍ട്ടിനും സിപിഐഎമ്മും തമ്മിലുളള അവിശുദ്ധ ബന്ധത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഇതാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനോടുളള ഉദാരസമീപനത്തിന് കാരണമെന്നും ആരോപിച്ചു. ആദ്യം വിവാദികള്‍ മനസിലാക്കാതെ പോയ ഒരുകാര്യം രജിസ്ട്രേഷന്‍ പ്രമോട്ടര്‍ക്കാണ് എന്ന വ്യവസ്ഥയാണ്. ഓരോ സ്ക്കീമും രജിസ്ട്രര്‍ ചെയ്യേണ്ടതില്ല, രജിസ്റര്‍ ചെയ്ത പ്രമോട്ടര്‍ നികുതി അടയ്ക്കുമ്പോള്‍ സ്കീം സംബന്ധിച്ച് സ്റേറ്റ്മെന്റ് നല്‍കിയാല്‍ മതിയാകും. 
അനധികൃതമായി പുതിയ ലോട്ടറികള്‍ക്ക് നികുതി വാങ്ങി അനുവാദം നല്‍കിയെന്ന ആരോപണവും അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. തലേമാസം ഒന്നാം തീയതിയാണ് നികുതിയൊടുക്കേണ്ടതെങ്കിലും കാലതാമസം മാപ്പുനല്‍കുന്നതിന് നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്. ഓരോ ദിവസവും 1000 രൂപയും 24 ശതമാനം പലിശയും കാലതാമസക്കാലയളവില്‍ ഈടാക്കിയാല്‍ മതിയാകും. ഇത് ചെയ്തില്ല എന്ന ആരോപണവും തികച്ചും തെറ്റാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തില്‍ 25 കോടിയുടെ അഴിമതി കെട്ടിച്ചമച്ചതാണെന്നും പകല്‍പോലെ വ്യക്തമാണ്. 
എന്നാല്‍ പ്രതിപക്ഷം ഒരിക്കലും ഉന്നയിക്കാതിരുന്ന വീഴ്ച അന്വേഷണത്തില്‍ കണ്ടെത്തി. പലിശ ഈടാക്കിയാല്‍ മാത്രം പോര, കാലതാമസം വരുത്തിയ നികുതിയുടെ പത്തു ശതമാനം, ഏറിയാല്‍ അമ്പതു ശതമാനം വരെയുളള തുക പിഴയായി ഈടാക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. ഇതിന് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതിപക്ഷം ഒരിക്കല്‍പോലും ഈ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടേയില്ല. 
വാളയാറിലെ ടിക്കറ്റ് പിടിത്തം
വാളയാര്‍ വഴി അനധികൃത ലോട്ടറികള്‍ കേരളത്തിലേയ്ക്ക് കടന്നുവരുന്നത് വാണിജ്യനികുതി വകുപ്പിന്റെ ഉദാസീനത മൂലം അല്ലേ? 
സിക്കിം സര്‍ക്കാരിന്റെ ലോട്ടറി സ്ക്കീമില്‍ സമ്മാനത്തുക 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമായി ഉയര്‍ത്തിക്കൊണ്ടുളള പരസ്യം പത്രങ്ങളില്‍ വന്നു. ടിക്കറ്റു വില പത്തില്‍ നിന്ന് 20 രൂപയായി ഉയര്‍ത്തി. ഇത്തരത്തില്‍ സ്കീം മാറുന്നത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. മാത്രമല്ല, ഓണക്കാലത്ത് സമ്മാനത്തുക വര്‍ദ്ധിപ്പിച്ചതുകൊണ്ട് ബംബര്‍ ലോട്ടറിയായി പരിഗണിക്കണമെന്ന് വ്യാഖ്യാനം വന്നു. 
ഈ യുക്തിവെച്ച് വാളയാര്‍ ചെക്ക്പോസ്റിലെ ഒരുദ്യോഗസ്ഥന്‍ ഓണത്തിന്റെ തലേന്ന് സിക്കിമിന്റെ ടിക്കറ്റുകള്‍ തടഞ്ഞുവെച്ചു. പുറത്തുനിന്നാരും ചൂണ്ടിക്കാണിക്കാതെ നികുതിവകുപ്പ് മുന്‍കൈയെടുത്ത് സ്വീകരിച്ച നടപടിയാണ് ഇത്. രണ്ടുദിവസം കഴിഞ്ഞാണ് മാധ്യമങ്ങള്‍ അറിയുന്നത് തന്നെ. 
പക്ഷേ, ഇതിനകം വാളയാര്‍ വഴി കടന്നുപോയ അഞ്ചു നറുക്കെടുപ്പുകള്‍ക്കുളള ടിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിവിട്ടെന്ന് ആരോപണമുണ്ടായി. ഇവയൊക്കെ ബംബര്‍ ലോട്ടറിയായി കണക്കാക്കിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന നികുതി നഷ്ടം ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ കോലാഹലത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഈ ക്രമക്കേട് കണ്ടുപിടിച്ചതെന്ന കാര്യം തമസ്കരിക്കപ്പെട്ടു. 
ഈ പുതിയ സ്കീമുകള്‍ക്ക് മുന്‍കൂര്‍ നികുതി അടയ്ക്കാത്തതിന് പിഴയും പലിശയും അതുപോലെ ബംബര്‍ ലോട്ടറിയ്ക്കുളള പതിനേഴ് ലക്ഷം രൂപയും ഈടാക്കുന്നതിന് വേണ്ടി മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് നോട്ടീസ് അയച്ചു. ഇവരുടെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. 
ഇതൊക്കെ നേരത്തേ ആകാമായിരുന്നില്ലേ...?
ഇന്ന് സ്വീകരിക്കുന്ന നടപടികള്‍ നേരത്തെ ആകാമായിരുന്നില്ലേ? 
ഉത്തരം മുട്ടിക്കുന്നത് എന്ന ഭാവേനെയാണ് യുഡിഎഫ് ഈ ചോദ്യം ഉയര്‍ത്തുന്നത്. തങ്ങള്‍ ബഹളം വെച്ചതുകൊണ്ടല്ലേ ഈ നടപടിയൊക്കെ സ്വീകരിച്ചത്. ഇതൊക്കെ നേരത്തെ ആകാമായിരുന്നില്ലേ. 
ഇപ്പോള്‍ സ്വീകരിച്ച നടപടികളുടെ മാതൃകയില്‍ ഇതിനു മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന വസ്തുത പലര്‍ക്കും അറിയില്ല. സിക്കിം, ഭൂട്ടന്‍ ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ശ്രമിച്ച കഥ എത്രയോ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 
സിക്കിം ലോട്ടറികളുടെ അംഗീകൃത പ്രമോട്ടര്‍ മേഘ ഡിസ്ട്രിബ്യൂട്ടര്‍ ആണോ എന്ന സംശയമുയര്‍ന്നപ്പോള്‍ നികുതി വാങ്ങാതിരുന്നു. എന്നാല്‍ അവര്‍ കോടതിയില്‍ പോയി വിജയിക്കുകയാണ് ഉണ്ടായത്. 
അരുണാചല്‍ പ്രദേശ് ലോട്ടറിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. അരുണാചല്‍ സര്‍ക്കാരിന്റെ ടിക്കറ്റുകള്‍ അനധികൃതമായി കൊണ്ടുവന്നപ്പോള്‍ വാഹനം പിടിച്ചെടുക്കുകയും അവര്‍ക്ക് ഭീമമായ നികുതി ചുമത്തുകയും ചെയ്തു. ഇതിപ്പോള്‍ കോടതിയിലാണ്. 
കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ത്..?
കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ഇതിലേത് വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. 
ഒന്ന്, നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇതിന് പുതിയ അന്വേഷണം വേണ്ട. സി ആന്‍ഡ് എ ജിയുടെ റിപ്പോര്‍ട്ടുകളും കേരള സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണവും ഈ നിയമലംഘനം തെളിയിച്ചിട്ടുണ്ട്. 
ഇന്നത്തെ കേന്ദ്രപ്രശ്നം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളല്ല ലോട്ടറി നടത്തുന്നത് എന്നതാണ്. അവര്‍ക്കുവേണ്ടി ഇടനിലക്കാരാണ് ലോട്ടറി നടത്തുന്നത്. ഈ ഇടനിലക്കാരുടെ ലക്ഷ്യം ഏതുവിധേനേയും ലാഭം പരമാവധി ആക്കുകയാണ്. ഇതാണ് ലോട്ടറി മാഫിയയുടെ വളര്‍ച്ചയുടെ പശ്ചാത്തലം. ലോട്ടറി വില്‍ക്കുന്നതിന് ഏജന്റുമാരെ നിശ്ചയിക്കുകയല്ലാതെ ലോട്ടറി നടത്തുന്നതിനല്ല പ്രമോട്ടര്‍മാരും ഏജന്റുമാരും വേണ്ടത്. ഈ ഇടനിലക്കാരെ ഒഴിവാക്കുംവിധം കേന്ദ്ര ലോട്ടറി നിയമത്തില്‍ ഭേദഗതി വരുത്തണം. 
രണ്ട്, ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കേന്ദ്രലോട്ടറി ചട്ടം ഭേദഗതി ചെയ്യണം. കേന്ദ്രനിയമത്തിന്‍പ്രകാരം നിയമലംഘനം നടത്തുന്ന ലോട്ടറികള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും ഒരുപോലെ ലോട്ടറിയാണെന്ന വ്യാഖ്യാനം എടുത്തുകളയണം. കേരളത്തിലെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനം സംരക്ഷിക്കാന്‍ ഇത് ആവശ്യമാണ്.
മൂന്ന്, ഓരോ സംസ്ഥാനത്തിന്റെയും ലോട്ടറിയുടെ പരിധി അതത് സംസ്ഥാനത്തിന്റെ അതിര്‍ത്തിയാക്കുക. ഒരു സംസ്ഥാനത്തിന്റെ അനുവാദമുണ്ടെങ്കിലേ അന്യസംസ്ഥാനലോട്ടറികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകൂ എന്ന് വ്യവസ്ഥ ചെയ്താല്‍ പ്രശ്നങ്ങള്‍ തീരും. 
എന്നാല്‍ ഇതിനെതിരെയുള്ള വാദം ഇന്ത്യയെ ഒറ്റക്കമ്പോളമായി കാണണമെന്നും ഇത്തരത്തില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ശരിയല്ലെന്നുമുള്ളതാണ്. ഭരണഘടനയുടെ 19 (1) (ജി) അനുച്ഛേദം ഉറപ്പു നല്‍കുന്ന തൊഴിലെടുക്കുന്നതിനുളള അവകാശം 301-ാം അനുഛേദത്തില്‍ പറയുന്ന വ്യാപാരസ്വാതന്ത്യ്രം ഇവയെ ഹനിക്കുന്നതാകും ഇത്തരമൊരു വ്യവസ്ഥ എന്ന വാദമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. 
ഇതിന് സുപ്രിംകോടതിയുടെ ബിആര്‍ എന്റര്‍പ്രൈസസ് കേസ് വിധിയില്‍ വ്യക്തമായ ഉത്തരമുണ്ട്. ഈ രണ്ടുവകുപ്പുകളുടെയും പരിധിയില്‍ വരുന്നതല്ല ലോട്ടറി എന്ന് കോടതി വ്യക്തമാക്കി. ചൂതാട്ടത്തിന്റെ ലഘുവായ വകഭേദമാണ് ലോട്ടറി. അതുകൊണ്ട് ഇത്തരമൊരു ഭേദഗതി വരുത്തുന്നതിന് നൈതികവും നിയമപരമായും ഒരു പ്രശ്നവുമില്ല. തൊഴിലെടുക്കാനും വ്യാപാരം നടത്താനുമുള്ള മൌലികാവകാശത്തിന്റെ പരിധിയില്‍ ലോട്ടറി വ്യാപാരത്തെ ഉള്‍പ്പെടുത്താനാവില്ലെന്നാണ് ബി ആര്‍ എന്റര്‍പ്രൈസസ് കേസിലെ സുപ്രീംകോടതി വിധി. അതിനാല്‍ ഈ പ്രശ്നം ലളിതമായി നമുക്ക് ഇങ്ങനെ പരിഹരിക്കാവുന്നതേയുള്ളൂ.
ഈ മൂന്ന് പോംവഴികളുടെയും താക്കോല്‍ കേന്ദ്രസര്‍ക്കാരിന്റെ കൈകളിലാണ്. ഇവയല്ലാതെ പ്രശ്നത്തിന് മറ്റൊരു പരിഹാരവുമില്ല.



0 comments:

Post a Comment