മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസും - തര്‍ക്കം 10

Tuesday, October 5, 2010


വി ഡി സതീശന്‍....
പിന്നെ മണികുമാര്‍ സുബ്ബ.... മണികുമാര്‍ സുബ്ബ കേരളത്തില്‍ യാതൊരു ലോട്ടറിയും നടത്തുന്നില്ല. സാന്റിയാഗോ മാര്‍ട്ടിനാണ് ലോട്ടറി നടത്തുന്നത്. അവര്‍ക്ക് നെക്സസ് ഉണ്ട് എന്നുളളത് തെളിഞ്ഞിട്ടുണ്ട്. ........ മണികുമാര്‍ സുബ്ബ സിബിഐ അന്വേഷിക്കുന്ന ഒരു കേസിലെ പ്രതിയാണ്. മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിന്റെ വലിയ നേതാവാണെങ്കില്‍ സിബിഐ അന്വേഷിക്കേണ്ടണ്ട ആവശ്യമില്ലല്ലോ? സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നല്ലേ പറയുന്നത്. സിബിഐ അയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ...
തോമസ് ഐസക് 
മണികുമാര്‍ സുബ്ബയല്ല, സാന്റിയാഗോ മാര്‍ട്ടിനാണ് കേരളത്തില്‍ ലോട്ടറി നടത്തുന്നത് എന്നത് ശരിയാണ്. പക്ഷേ, കേരളം മാത്രമല്ലല്ലോ ലോട്ടറി മാഫിയയുടെ വിഹാരരംഗം. ഇവരെ ചെറുക്കുന്നതിന് മറ്റുമാര്‍ഗമൊന്നുമില്ലാതെ സ്വന്തം ലോട്ടറി നിര്‍ത്താന്‍ നിര്‍ബന്ധിതരായ സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലായിടത്തും ലോട്ടറി മാഫിയയുടെ കൊളള നടക്കുകയാണ്.
ഇതിലേറ്റവും വലിയ അധോലോക രാജാവ് മണികുമാര്‍ സുബ്ബയാണ്. രണ്ടുതവണ ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എ, മൂന്നു തവണ പാര്‍ലമെന്റ് അംഗം, ആസാം കോണ്‍ഗ്രസ് ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം പരിലസിച്ചിരുന്ന ദേഹം ഇപ്പോള്‍ ആള്‍മാറാട്ടം, പൌരത്വമില്ലായ്മ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെല്ലാം പ്രതിയായി ഒളിവിലാണ്.
സിബിഐ കേസന്വേഷണം നടക്കുന്ന വേളയിലാണ് സുബ്ബയെ വീണ്ടും പാര്‍ലമെന്റിലേയ്ക്ക് സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹത്തിന്റെ സുകൃതങ്ങള്‍ വെളിച്ചത്തുവന്ന് ജനങ്ങളുടെ കോടതിയില്‍ തോറ്റപ്പോഴാണ് ഇപ്പോള്‍ വമ്പു പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുളളത്. ആയിരം കോടിയിലേറെ രൂപയാണ് താന്‍ കോണ്‍ഗ്രസിന് സംഭാവനയായി നല്‍കുന്നതെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ലോട്ടറി രാജാവ് സുഭാഷ് ചന്ദ്ര മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണയുടെ ഉറ്റസുഹൃത്താണ്. സാന്റിയാഗോ മാര്‍ട്ടിനാണ് ചെന്നൈയിലെ ദേശീയ ഗെയിംസിന് പതാക ഉയര്‍ത്തിയത്. ലോട്ടറി മാഫിയയും കോണ്‍ഗ്രസും തമ്മിലുളള കൂട്ടുകെട്ടിനെ നെക്സസ് എന്ന് വിശേഷിപ്പിക്കുന്നത് തീരെ മൃദുവായ ഒരു പ്രസ്താവനയായിപ്പോകും..

0 comments:

Post a Comment