പ്രമോട്ടറുടെ ആധികാരികത - തര്‍ക്കം 4

Tuesday, October 5, 2010


വി ഡി സതീശന്‍....
ഹൈക്കോടതിയില്‍ ഇപ്പോള്‍ ഉളള വാദം തന്നെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ആധികാരികതയെക്കുറിച്ചാണ്. അപ്പോള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആധികാരികമായ രേഖകളില്ലാതെ മുന്‍കൂര്‍നികുതി വാങ്ങിക്കൊണ്ടിരിക്കുന്നു. അത് ലോട്ടറി നികുതി നിയമത്തിന്റെ ലംഘനവും സെക്ഷന്‍ 4 നിയമലംഘനം നടത്തിയാല്‍ ഒരുകാരണവശാലും നിയമലംഘനം നടത്തിയാല്‍ മുന്‍കൂര്‍ നികുതി വാങ്ങാന്‍ പാടില്ല എന്ന നിയമത്തിനും എതിരായി ലോട്ടറി മാഫിയയ്ക്ക് കോടിക്കണക്കിന് രൂപ കേരളത്തില്‍ നിന്ന് കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയായിരുന്നു ധനകാര്യമന്ത്രിയുടെ കീഴിലുളള ലോട്ടറി വകുപ്പ്. അസംബ്ളിയില്‍ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയും ഭൂട്ടാന്‍ സര്‍ക്കാരിന്റെയും ആധികാരികതയെക്കുറിച്ചുളള അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചത്. 27ന് നിയമസഭയില്‍ ഈ ആരോപണം ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ കളളക്കച്ചവടം നടത്തിക്കൊണ്ടു പോകുമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല..
തോമസ് ഐസക് 
പ്രമോട്ടറെ ഉറപ്പുവരുത്താനുളള അധികാരം കേന്ദ്രചട്ടം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പ്രമോട്ടറുടെ നിജസ്ഥിതി സംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉയര്‍ന്ന വേളയില്‍ അതന്വേഷിക്കാമെന്നാണ് മറുപടി പറഞ്ഞത്.
ഇതുവരെ നാലുവര്‍ഷക്കാലം നിജസ്ഥിതി ഉറപ്പുവരുത്താതെയാണോ നികുതി വാങ്ങിയിരുന്നത് എന്നതിന് മറുപടി പറയേണ്ടത് യുഡിഎഫാണ്. കാരണം മേഘയ്ക്ക് രജിസ്ട്രേഷന്‍ നല്‍കിയത് അവരുടെ ഭരണകാലത്താണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി.
ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അവരില്‍ നിന്ന് നികുതി വാങ്ങിയത്. ഈ വിധിയ്ക്കെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പിന്റെ കരാര്‍ 2008ല്‍ മേഘയ്ക്ക് ലഭിച്ചു. നികുതി അടയ്ക്കാന്‍ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ പ്രമോട്ടറെക്കുറിച്ചുളള സംശയം ഉന്നയിച്ച് ഞങ്ങള്‍ നികുതി നിരസിച്ചു.
ഇവിടെയും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നികുതി സ്വീകരിക്കേണ്ടി വന്നത്. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് എല്ലാ തെളിവുകളും ഉണ്ടായിട്ടും യാതൊരു നടപടിയും പന്ത്രണ്ടുവര്‍ഷമായി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരാണ് അവരുടെ കൊളളയ്ക്ക് കൂട്ടുനില്‍ക്കുന്നത്.

0 comments:

Post a Comment