സാന്റിയാഗോ മാര്‍ട്ടിനും ദേശാഭിമാനിയും - തര്‍ക്കം 7

Tuesday, October 5, 2010


വി ഡി സതീശന്‍....
സിബി മാത്യുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ സാന്റിയാഗോ മാര്‍ട്ടിനും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുളള ഒരു ക്രിമിനല്‍ നെക്സസ് വളര്‍ന്നുവന്നു. അതാണ് ദേശാഭിമാനിയുടെ രണ്ടുകോടിയുടെ വിവാദം. ആദ്യം പറഞ്ഞു ലോണാണെന്ന്, പിന്നെ ഷെയറാണെന്ന് പിന്നെ ബോണ്ടാണെന്ന് പറഞ്ഞു. അന്നൊന്നും ധനമന്ത്രി പ്രതികരിച്ചില്ല. ഇപ്പോള്‍ പറയുന്നു ലക്ഷ്മണരേഖ കടന്നു എന്ന്.
തോമസ് ഐസക് 
ദേശാഭിമാനിയുടെ വികസനത്തിന് പണം സ്വരൂപിക്കുന്നതിന് പരസ്യക്കാരില്‍ നിന്ന് അഡ്വാന്‍സായി പണം സ്വരൂപിക്കുന്ന ഒരു സ്കീമിന് രൂപം നല്‍കിയിരുന്നു. സമീപകാലം വരെ കേരളത്തിലെ എല്ലാ മാധ്യമങ്ങളുടെയും ഒരു പ്രമുഖ പരസ്യദാതാവായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി പരസ്യത്തിനുളള അഡ്വാന്‍സ് ഡെപ്പോസിറ്റായി രണ്ടുകോടി രൂപ വാങ്ങി.
മറ്റുപലരില്‍ നിന്നും ഇത്ര വലിയ തുകയല്ലെങ്കിലും ഡെപ്പോസിറ്റ് സ്വീകരിച്ചിട്ടുണ്ട്. ലോട്ടറി വിവാദത്തിന് അഴിമതിയുടെ പരിവേഷം നല്‍കുകന്നതിന് ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.അന്യസംസ്ഥാന ലോട്ടറികളുടെ പരസ്യം സ്വീകരിക്കാത്ത ഒരു പത്രവും ചാനലും കേരളത്തിലില്ല. ഇത് തെറ്റെന്ന് പറയാനാവില്ല. പരസ്യവരുമാനമില്ലാതെ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുളള ലോട്ടറിയുടെ പരസ്യം, അതിന്റെ നടത്തിപ്പ് സംബന്ധിച്ച് എന്തുതന്നെ വിമര്‍ശനം ഉണ്ടായിരുന്നാലും, സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ലോട്ടറി നടത്തിപ്പുകാരുടെ കളങ്കസ്വഭാവമറിയാവുന്ന പശ്ചാത്തലത്തില്‍ പരസ്യം വാങ്ങുന്നതിനപ്പുറം അവരുമായി മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ശരിയല്ല.
ഇത് പാര്‍ട്ടിയെക്കുറിച്ച് ദുഷ്പ്രചാരണം നടത്തുന്നതിന് ഇടയാക്കും. ജനങ്ങളില്‍ അവമതി സൃഷ്ടിക്കും. പാര്‍ട്ടി തന്നെ ഇക്കാര്യം സ്വയംവിമര്‍ശനപരമായി അംഗീകരിച്ചിട്ടുണ്ട്. ഗൌരവമായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി ഇതുസംബന്ധിച്ച് നടത്തിയ വിമര്‍ശനം എത്ര ശരിയായിരുന്നുവെന്ന് ലോട്ടറി വിവാദത്തിന്റെ അനുഭവം തെളിയിക്കുന്നു.

0 comments:

Post a Comment