കേന്ദ്രം നിരോധിച്ച ലോട്ടറി സ്കീം - തര്‍ക്കം 6

Tuesday, October 5, 2010


വി ഡി സതീശന്‍....
ഇവിടെ 25-6-2010ല്‍ ചട്ടം ലംഘിക്കുന്ന 8 സിക്കിം ലോട്ടറികളെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സിക്കിം സര്‍ക്കാര്‍ നിരോധിച്ചു. ജൂലൈ 5 മുതല്‍ ഈ ലോട്ടറി ടിക്കറ്റുകള്‍ നിരോധിക്കപ്പെട്ടതാണെന്ന് സിക്കിം സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സിക്കിം നിരോധിച്ച ലോട്ടറി 52 നറുക്കെടുപ്പ് നടത്തി 1300 കോടി രൂപ കൊളളയടിച്ച് കൊണ്ടുപോകുന്നത് കേരളത്തിലെ വില്‍പന നികുതി വകുപ്പ് നോക്കി നിന്നു..
തോമസ് ഐസക് 
ആഭ്യന്തരമന്ത്രാലയം സിക്കിം സര്‍ക്കാരിന് ഏതെങ്കിലും ലോട്ടറികള്‍ നിരോധിക്കുന്നതിനുളള ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. മാത്രമല്ല നിരോധിച്ച ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കുന്നു എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നതേയില്ല.
എന്നാല്‍ ഡിസ്ട്രിബ്യൂട്ടറായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന് സിക്കിം സര്‍ക്കാര്‍ അയച്ച ഒരുകത്തിന്റെ കോപ്പി കേരളസര്‍ക്കാരിന് ലഭ്യമായി. അതില്‍ കേരളത്തില്‍ വില്‍ക്കുന്ന രണ്ട് സീരീസ് നിര്‍ത്തലാക്കുന്നു എന്ന പ്രസ്താവന ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട തീയതി കഴിഞ്ഞിട്ടും അവ കേരളത്തില്‍ വിറ്റുവന്നിരുന്നു. ഈ ടിക്കറ്റുകള്‍ വ്യാജമാണെന്നും വ്യാജലോട്ടറി വിറ്റതിന് ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഞാനാണ് പ്രസ്താവിച്ചത്.
എന്റെ പത്രസമ്മേളനം കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍ സിക്കിം സര്‍ക്കാരിന്റെ ഫാക്സ് വന്നു. നിര്‍ത്തലാക്കി എന്നു പറഞ്ഞ സ്കീമുകള്‍ തുടരുന്നതിന് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് മുന്‍കാലതീയതിയില്‍ അയച്ച കത്തിന്റെ കോപ്പിയായിരുന്നു അത്. അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികള്‍ക്ക് സാധുതയില്ലാതായി. നിലവിലുളള കേന്ദ്രനിയമപ്രകാരം ലോട്ടറി നടത്തുന്ന അന്യസംസ്ഥാനം നല്‍കുന്ന പ്രസ്താവനയുടെ നിജസ്ഥിതി പരിശോധിച്ച് നടപടിയെടുക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല.
ആക്ഷേപമുണ്ടെങ്കില്‍ കേന്ദ്രത്തെ അറിയിക്കുകയേ നിര്‍വാഹമുളളൂ. ഇത് ഞങ്ങള്‍ ചെയ്തിട്ടുമുണ്ട്. സിക്കിം ചീഫ് സെക്രട്ടറി തന്നെ കേരളത്തിലെ ചീഫ് സെക്രട്ടറിയ്ക്ക് വിവാദസീരീസുകള്‍ നിര്‍ത്തലാക്കിയിട്ടില്ല എന്ന് വിശദീകരിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്തു.

0 comments:

Post a Comment