ന്യൂഡല്‍ഹി: അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരമുണ്ടെന്നു കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. 1998ലെ ഭാഗ്യക്കുറി നിയമം ചട്ടം നാല് പ്രകാരം അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയും. ഈ അധികാരം പ്രയോഗിക്കുകയാണു കേരളം ചെയ്യേണ്ടതെന്നും പ്രണബ് മുഖര്‍ജി സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
സ്വന്തം അധികാരം ഉപയോഗിച്ചതിനു ശേഷം വേണം കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടതെന്നു പ്രണബ് പറഞ്ഞു. സംസ്ഥാനം നടപടിയെടുത്താല്‍ കേന്ദ്ര സര്‍ക്കാരും ചെയ്യേണ്ടതു ചെയ്യും. ഇക്കാര്യം കേരളത്തില്‍ നിന്നു തന്നെ വന്നുകണ്ട സിപിഎം നിവേദക സംഘത്തോടു പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മലയാള മനോരമ റിപ്പോര്‍ട്ട് ജയ്ഹിന്ദ് ചാനലിലെ റിപ്പോര്‍ട്ടിനപ്പുറം കൂടുതല്‍ വിവരങ്ങളൊന്നും നല്‍കുന്നില്ല. വകുപ്പ് നാല് പ്രകാരമല്ല നടപടിയെടുക്കേണ്ടത്. വകുപ്പ് നാലിന്റെ ലംഘനത്തിന് അഞ്ച്, ഏഴ് (മൂന്ന്) വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുക്കേണ്ടത്. ഈ വസ്തുത ലോട്ടറി നിരോധന ബില്ലിനെ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ ആയിരുന്ന ശ്രീ പ്രണബ് മുഖര്‍ജിയ്ക്ക് അറിയാതെ വരില്ല എന്നെനിക്ക് ഉറപ്പുണ്ട്.
കേന്ദ്രധനമന്ത്രി ഇപ്പോള്‍ നടത്തിയ പ്രസ്താവനയ്ക്ക് സമാനമായ നിലപാട് എം വി ജയരാജന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി പ്രതിനിധി സംഘത്തോട് പ്രണബ് മുഖര്‍ജി പറയുകയുണ്ടായി. സംഘത്തില്‍ ആറ് എംപിമാരും ഉണ്ടായിരുന്നു.
എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രാലയമാണ്, ധനമന്ത്രാലയമല്ല ലോട്ടറിയുടെ ചുമതല വഹിക്കുന്നത്. ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ ലോട്ടറി നിയന്ത്രണ ചട്ടം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നടപടിയെടുക്കാനുളള അധികാരങ്ങളും നല്‍കുന്നില്ല എന്നത് ഈയവസരത്തില്‍ സ്മരണീയമാണ്.
പ്രമോട്ടര്‍ ലോട്ടറികളെ നിരോധിച്ചുകൊണ്ട് കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സംസ്ഥാന ലോട്ടറി നിരോധിച്ചുകൊണ്ടേ അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ പറ്റൂ എന്ന നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ഇതിനപ്പുറം പ്രമോട്ടര്‍ ലോട്ടറിയും ഓണ്‍ ലൈന്‍ ലോട്ടറിയും നിരോധിക്കണമെന്ന ആവശ്യം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ ഒരാശയസമന്വയം ഉണ്ടായാലേ നടപടി സ്വീകരിക്കാന്‍ പറ്റൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
നിലവിലുളള നിയമം ലംഘിച്ചുകൊണ്ടിരിക്കുന്ന പ്രമോട്ടര്‍ ലോട്ടറികളെക്കുറിച്ച് കേരള സര്‍ക്കാരുകള്‍ അയച്ചിട്ടുളള ആക്ഷേപങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അവ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചു. ഈ പരിശോധനയുടെ ഫലത്തിന് വേണ്ടി 2004 മുതല്‍ കേരളം കാത്തിരിക്കുകയാണ്.
കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നിലപാടിനെ മുഖവിലയ്‌ക്കെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണ്. നിയമലംഘനം നടത്തുന്നുവെന്ന് വ്യക്തമായ തെളിവുകളുളള ലോട്ടറികളുടെ നികുതി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിക്കും. സ്വാഭാവികമായും കേസുണ്ടാകും. അവിടെ എന്തുനിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക? 2007ല്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് നോട്ടീസ് കൊടുക്കുകയും നികുതി സ്വീകരിക്കാതിരിക്കുകയും ചെയ്ത വേളയില്‍ ഹൈക്കോടതിയില്‍ ഇതിന് കേരള സര്‍ക്കാരിന് അധികാരമില്ല എന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്വമേധയാ ഹാജരായി അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്ക് വേണ്ടി വാദിച്ചത്. ഇതിന് വിരുദ്ധമായൊരു നിലപാട് ഇത്തവണ കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമോ?
നിയമലംഘനം നടത്തുന്ന മറുനാടന്‍ ലോട്ടറികള്‍ക്കെതിരെ കേന്ദ്രനിയമത്തിലെ ഏഴ് (മൂന്ന്) വകുപ്പ് പ്രകാരം യാതൊരു നടപടിയും ഭാവിയില്‍ സ്വീകരിക്കുകയില്ലെന്നും എടുത്ത നടപടികളൊക്കെ പിന്‍വലിച്ചിരിക്കുന്നുവെന്നും 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ഭാഗികമായി വിജയം കണ്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. കോടതിയുടെ അനുവാദത്തോടെ റെയിഡ് നടത്താം, പക്ഷേ, അറസ്റ്റോ കണ്ടുകെട്ടലോ മറ്റു തുടര്‍നടപടികളോ പാടില്ല എന്നാണ് കോടതി വിധിച്ചത്. ഈ നിബന്ധനകള്‍ നീക്കിക്കിട്ടുന്നതിനുളള അപേക്ഷ ഫലപ്രദമാകാത്തതിന് കാരണം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സ്വീകരിക്കുന്ന നിലപാടാണ്. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുകയാണ്. എടുത്ത കേസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിബന്ധനകള്‍ തടസമാണെന്ന കേരള പൊലീസിന്റെ വിശദമായ പ്രസ്താവന സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാരിന്റെ അപേക്ഷയ്ക്ക് അനുകൂലമായ ഒരു നിലപാട് കേന്ദ്രം സുപ്രിംകോടതിയില്‍ സ്വീകരിക്കുമോ?
നടത്തിയ പ്രസ്താവനയില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയ്ക്ക് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കേരള സര്‍ക്കാരിന് അനുകൂലമായ നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെക്കൊണ്ട് സ്വീകരിപ്പിക്കുമോ? കുറഞ്ഞ പക്ഷം ഇത്തരത്തില്‍ വ്യക്തമായ ഒരു പരസ്യപ്രസ്താവനയ്‌ക്കെങ്കിലും കേന്ദ്രധനമന്ത്രി തയ്യാറാകുമോ?
0 comments:
Post a Comment