കോടതിയിലെ ഒത്തുകളി - തര്‍ക്കം 11

Tuesday, October 5, 2010


വി ഡി സതീശന്‍....
എന്റെ ചോദ്യം കോടതിയിലെ ഒത്തുകളിയെക്കുറിച്ചാണ്. അദ്ദേഹം പറയുന്നു മുന്‍കൂര്‍ നികുതി വാങ്ങാന്‍ പാടില്ല. കോടതി പറഞ്ഞു മേടിക്കണം. അതെല്ലാം ലോട്ടറി മാഫിയയുമായുളള ഒത്തുകളിയാണ്. ഒരുകേസ് ഞാന്‍ പറയാം. അരുണാചല്‍ പ്രദേശ്, സാന്റിയാഗോ മാര്‍ട്ടിനുമായി തെറ്റിപ്പിരിഞ്ഞ ആളുകള്‍ ഇവിടെ ലോട്ടറി നടത്താന്‍ വന്നു. ഇവര്‍ നികുതി വാങ്ങിയില്ല. അവര്‍ കോടതിയില്‍ പോയി. കോടതിയില്‍ പോയപ്പോള്‍ കോടതി പറഞ്ഞു അത് വിവേചനമാണ്. സിക്കിമിന്റെയും ഭൂട്ടാന്റെയും നികുതി വാങ്ങുമ്പോള്‍ അരുണാചല്‍ പ്രദേശിന്റെ കൈയില്‍ നിന്ന് വാങ്ങാതിരിക്കുന്നത് ശരിയല്ല. അതുകൊണ്ട് മുന്‍കൂര്‍ നികുതി വാങ്ങണം എന്ന് പറഞ്ഞു. ആ കേസിലെ വസ്തുതയെടുത്തിട്ട് മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ട്വിസ്റ് ചെയ്യുകയാണ്. രണ്ടാമത് സിക്കിം ലോട്ടറിക്കാര്‍ മനപ്പൂര്‍വം നികുതി അടയ്ക്കാന്‍ വൈകിച്ചു. നികുതി വൈകിയപ്പോള്‍ നികുതി സ്വീകരിക്കില്ല എന്ന് പറഞ്ഞു. ഉടനെ കോടതിയില്‍ പോയി. അപ്പോള്‍ കോടതി പറഞ്ഞു. വൈകിയതു കൊണ്ട് നികുതി സ്വീകരിക്കാതിരിക്കേണ്ട. പലിശ വാങ്ങി മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ പറഞ്ഞു. ......
തോമസ് ഐസക് 
കോടതിയും ലോട്ടറി മാഫിയയും തമ്മില്‍ ഒത്തുകളിക്കുകയാണ് എന്ന് പറയാത്തത് ഭാഗ്യം. ലോട്ടറി മാഫിയയ്ക്കു വേണ്ടി നിയമവ്യാഖ്യാനവും നടത്തി ചട്ടമുണ്ടാക്കിയവരാണ് പരിഹാസ്യമായ ഗീര്‍വാണങ്ങള്‍ മുഴക്കുന്നത്. എങ്ങനെ അസത്യം തറപ്പിച്ച് പറഞ്ഞ് കയ്യടി നേടാമെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ പരാമര്‍ശങ്ങള്‍.
സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് ഭൂട്ടാന്റെ നികുതി വാങ്ങി, എന്നാല്‍ അവരില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ബാലാജിയില്‍ നിന്ന് അരുണാചലിന്റെ നികുതി വാങ്ങിയില്ല. ഈ വിവേചനത്തിന് പിന്നിലും സാന്റിയാഗോ മാര്‍ട്ടിനുമായിട്ടുളള നെക്സസ് ആണെന്ന് വ്യംഗ്യം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? സാന്റിയാഗോ മാര്‍ട്ടിന്‍ സിക്കിം ലോട്ടറിയാണ് നടത്തിക്കൊണ്ടിരുന്നത്.
ഭൂട്ടാന്‍ ബാലാജിയുടേതായിരുന്നു. എന്നാല്‍ 2008ല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ഭൂട്ടാന്‍ ലോട്ടറിയുടെ ഏജന്‍സിയും കരസ്ഥമാക്കി. കേരള സര്‍ക്കാര്‍ നികുതി വാങ്ങിയില്ല. എതിരായി സിംഗിള്‍ ബഞ്ചിന്റെ വിധി വന്നു. എന്നിട്ടും നികുതി വാങ്ങിയില്ല. അവര്‍ ഡിവിഷന്‍ ബഞ്ചില്‍ പോയി. കോടതി അവരോട് നികുതി കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ നികുതി വാങ്ങിയത്. ബാലാജിയുടെ കാര്യത്തില്‍ ഇതു തന്നെയായിരുന്നു സംഭവിച്ചത്. ഹൈക്കോടതി എതിരായി വിധിച്ചു. പക്ഷേ, എന്തുകൊണ്ടോ കോടതിയില്‍ നികുതി കെട്ടിവെയ്ക്കാന്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കേരള സര്‍ക്കാര്‍ വീണ്ടും നികുതി വാങ്ങാതിരുന്നു. അവര്‍ സുപ്രിംകോടതിയില്‍ പോയി വിധി സമ്പാദിച്ചു. അവര്‍ ഇതുവരെ വീണ്ടും നികുതി അടയ്ക്കാന്‍ വന്നിട്ടില്ല.
അരുണാചല്‍ പ്രദേശ് താല്‍ക്കാലികമായി ലോട്ടറി നിര്‍ത്തിയതാണ് കാരണം.എപ്പോഴാണ് സിക്കിം സര്‍ക്കാര്‍ ലോട്ടറിയുടെ നികുതി വൈകിയതുകൊണ്ട് അത് വാങ്ങാതിരുന്നത്? കോടതിയില്‍ പോയി തോറ്റുകൊടുത്തത് എന്നത് എത്ര പരതിയിട്ടും മനസിലാകുന്നില്ല.
സമീപകാലത്തുണ്ടായ സംഭവമാണെങ്കില്‍, അത് സിക്കിമിന്റെ ലോട്ടറിയല്ല, ഭൂട്ടാന്റെ ലോട്ടറിയാണ്. സമയം വൈകിയതുകൊണ്ട് അവരില്‍ നിന്ന് പലിശ ഈടാക്കി നികുതി വാങ്ങുകയാണ് ചെയ്തത്. പിഴ വാങ്ങാതിരുന്നതിന് ഉദ്യോഗസ്ഥന്റെ മേല്‍ നടപടിയും സ്വീകരിച്ചു. പലിശ മാത്രം പോര, പിഴ കൂടി വാങ്ങണമെന്ന കാര്യം നിയമസഭയില്‍ ബഹളം വെച്ചുകൊണ്ടിരുന്ന യുഡിഎഫിന് പോലും അറിയില്ലായിരുന്നു. സര്‍ക്കാര്‍ സ്വമേധയാ സ്വീകരിച്ച നടപടിയായിരുന്നു അത്.

0 comments:

Post a Comment