നിയമവും ചട്ടവും - തര്‍ക്കം 9

Tuesday, October 5, 2010


വി ഡി സതീശന്‍....

ചോദ്യം കേന്ദ്രചട്ടത്തെക്കുറിച്ചാണ്.... നിയമത്തിന് എതിരായി ചട്ടമുണ്ടാക്കാനുളള അധികാരമില്ല. കേന്ദ്രനിയമത്തിന് അനുസരിച്ചാണ് ചട്ടമുണ്ടാക്കേണ്ടത്. നിയമമുണ്ടാക്കുന്നത് പാര്‍ലമെന്റും ചട്ടമുണ്ടാക്കുന്നത് ഉദ്യോഗസ്ഥരുമാണ്. ചട്ടമുണ്ടാക്കിയപ്പോള്‍ ഒരുകാര്യത്തില്‍ തെറ്റുപറ്റിയിരുന്നു. 24 നറുക്കെടുപ്പുകള്‍ എന്ന് പറഞ്ഞിട്ടുണ്ട് ഒരുദിവസം. ആഴ്ചയില്‍ ഒരു നറുക്കെടുപ്പേ പാടുളളൂ എന്നാണ് നിയമം. അത് ഗവണ്മെന്റ് ചലഞ്ച് ചെയ്യണം എന്ന് ഞങ്ങള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നിലനില്‍ക്കില്ല എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വന്ന ചട്ടത്തിലെ പഴുതുപയോഗിച്ച് ലോട്ടറി മാഫിയയ്ക്ക് ഇഷ്ടംപോലെ നറുക്കെടുപ്പ് നടത്താന്‍ കേരളം അനുവദിച്ചു. ഇനി ഓണ്‍ലൈന്‍ ലോട്ടറി ഇതിനുളളില്‍ ഉണ്ടോന്നാണ്. നിയമത്തില്‍ ഉളളതേ ചട്ടത്തില്‍ വരാന്‍ കഴിയൂ. നിയമത്തില്‍ ഇല്ലാത്തത് ചട്ടത്തില്‍ വരാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും കേന്ദ്രനിയമത്തില്‍ ഉളള സമയത്താണ് അത് കേരളത്തില്‍ നിരോധിച്ചത്. അത് ചട്ടത്തില്‍ ഉണ്ടായതു കൊണ്ട് കേരളത്തില്‍ എന്ത് തടസമാണ് ഉണ്ടാകാന്‍ പോകുന്നത്?.
തോമസ് ഐസക് 
പന്ത്രണ്ടുവര്‍ഷം ചര്‍ച്ചകളും ആലോചനയും നടത്തി ഉണ്ടാക്കിയ ചട്ടം നിയമത്തിന് വിരുദ്ധമാണ് എന്ന് സമ്മതിച്ചത് നന്നായി. കേരള ഹൈക്കോടതി 2010 ആഗസ്റ് 30ന് അഭിപ്രായപ്പെട്ടതുപോലെ ഈ ചട്ടം നിയമത്തിന്റെ ലക്ഷ്യത്തെ തകര്‍ക്കുന്നു.
ആഴ്ചയില്‍ ഒന്നിലേറെ നറുക്കെടുപ്പ് നടത്താന്‍ അനുവദിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അതിലേറെ ഗൌരവമായ രണ്ടുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്, ഓണ്‍ലൈന്‍ ലോട്ടറിയെയും ലോട്ടറിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രനിയമത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ച് പരാമര്‍ശമില്ല. നാലാം വകുപ്പിലെ നിബന്ധനകള്‍ക്ക് വിധേയമായേ ഓണ്‍ലൈന്‍ ലോട്ടറി നടത്താനുമാവില്ല.
ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും കേന്ദ്രനിയമത്തില്‍ ഉളളസമയത്താണ് കേരളം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചത് എന്നത് ശുദ്ധകളവാണ്. ഓണ്‍ലൈന്‍ ലോട്ടറി കേരളം നിരോധിച്ചതിനെതിരെ സുപ്രിംകോടതിയില്‍ നടക്കുന്ന കേസിന് പുതിയ ചട്ടം വിനയാകും. ഓണ്‍ലൈന്‍ ലോട്ടറി ലോട്ടറിയേ അല്ല, ചൂതാട്ടമാണ് എന്ന് വ്യഖ്യാനിച്ചാണ് ചൂതാട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയെ കേരളത്തില്‍ നിരോധിച്ചത്.
എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് ലോട്ടറി നിയമത്തില്‍ നിയമസാധുത നല്‍കുന്നതോടെ നമ്മുടെ നിരോധനത്തിന്റെ ഗതിയെന്താകുമെന്ന് കണ്ടറിയണം. രണ്ടാമത്തേത്, അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനുളള എല്ലാ അധികാരങ്ങളും ഈ ചട്ടങ്ങള്‍ റദ്ദാക്കുന്നു. ഇതുവരെ അഞ്ചാം വകുപ്പ് പ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് അന്യസംസ്ഥാന ലോട്ടറി നിരോധിക്കാന്‍ അവകാശമില്ലെങ്കിലും ഏഴ് മൂന്ന് വകുപ്പ് പ്രകാരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മറ്റുനടപടികള്‍ സ്വീകരിക്കാനുളള അവകാശമുണ്ട് എന്നാണ് എല്ലാരും വ്യാഖ്യാനിച്ചിരുന്നത്.
ഇപ്രകാരം എടുത്ത നടപടിയെക്കെതിരെയുളള ഹൈക്കോടതി വിധികള്‍ക്കെതിരെ സുപ്രിംകോടതിയില്‍ നാം കേസ് നടത്തുകയാണ്. അപ്പോഴാണ് അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കാനേ അവകാശമുളളൂ എന്ന് അനുശാസിക്കുന്ന ചട്ടത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഞാനീ പറയുന്ന കാര്യങ്ങള്‍ യുഡിഎഫും അംഗീകരിച്ചിട്ടുളളതാണ്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഞാനും കൂടി സംയുക്തമായി ഇവ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാരിന് ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇവയോടൊക്കെ കണ്ണടച്ച് ദുഷ്പ്രചരണം നടത്താന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നത് അത്യത്ഭുതകരമാണ്.

0 comments:

Post a Comment